ഹൈക്കോടതി പറഞ്ഞാൽ സന്തോഷത്തോടെ ഇറങ്ങും, അതുവരെ ഇവിടെയുണ്ടാകും…. കസേരപ്പോരിൽ നിലപാട് വ്യക്തമാക്കി ഡോ. കെ ജെ റീന

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ (DHS) കസേരകളി കൂടുതൽ നാടകീയമായ തലങ്ങളിലേക്ക്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും തന്നെ മാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിന് പിന്നാലെ ഡോ. കെ ജെ റീന ഇന്നും ഡിഎച്ച്എസ് ആസ്ഥാനത്തെത്തി ചുമതലകൾ തുടർന്നു. ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ ഓഫീസില്‍ എത്തുമെന്നാണ് റീന മാധ്യമങ്ങളോട് പ്രതികരിച്ചത്.
വരേണ്ടതില്ലെന്ന് ഹൈക്കോടതി എന്നോട് പറഞ്ഞാൽ അത് സന്തോഷത്തോടെ സ്വീകരിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്ന് ഞാനാണ് ഡിഎച്ച്എസ് എന്ന് വ്യക്തമാക്കിയ ഉത്തരവുണ്ട്. അതുകൊണ്ടാണ് ഞാൻ വന്നത്. ആരുമില്ലാത്തവര്‍ക്കൊപ്പം നീതിന്യായ വ്യവസ്ഥ ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ അതനുസരിച്ച് മുന്നോട്ട് പോവുകയാണ്. എനിക്ക് കുറേ പെന്‍ഡിങ് വര്‍ക്കുകളുണ്ട്, അത് പൂര്‍ത്തിയാക്കണം എന്നും ഡോ. കെ ജെ റീന പറഞ്ഞു. അതേസമയം, ഡോ. വി മീനാക്ഷി കാര്യങ്ങള്‍ നന്നായി നടത്തുന്നുണ്ടെന്നും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ പ്രതികരിച്ചു. ഡോ. മീനാക്ഷി തന്നെയാണ് നിലവിൽ ഡിഎച്ച്എസ് എന്നാണ് ആരോഗ്യ വകുപ്പും വ്യക്തമാക്കുന്നത്. ഇതോടെ ഡയറക്ടർ കസേരയെച്ചൊല്ലി വകുപ്പിൽ വലിയ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്.
കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. കെ ജെ റീനയെ എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് പെട്ടെന്ന് സ്ഥലം മാറ്റിയത്. തുടര്‍ന്ന് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല നൽകുകയായിരുന്നു. നിപ പോലൊരു അടിയന്തര സാഹചര്യത്തില്‍ കെ ജെ റീന 15 ദിവസം അവധിയെടുത്ത് മാറിനിന്നു എന്ന് ആരോപിച്ചായിരുന്നു ആരോഗ്യവകുപ്പിന്റെ അച്ചടക്ക നടപടി. എന്നാല്‍ റീന 15 ദിവസം അവധിയെടുത്തില്ലെന്നും, രണ്ടര ദിവസം മാത്രമാണ് അവധി എടുത്തതെന്നുമുള്ള ഔദ്യോഗിക രേഖകൾ പുറത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലായി.
രേഖകൾ പുറത്തുവന്നതിന് പിന്നാലെ സ്ഥലം മാറ്റിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ പിഴവ് തിരുത്തിയിരുന്നു. കെ ജെ റീന 15 ദിവസം അവധി എടുത്തു എന്ന പരാമര്‍ശം ഒഴിവാക്കി പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. എന്നാൽ തന്നോട് യാതൊരു കൂടിയാലോചനയുമില്ലാതെയാണ് ഏകപക്ഷീയമായി നടപടിയെടുത്തതെന്ന് ചൂണ്ടിക്കാണിച്ചാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ആരോഗ്യവകുപ്പിന്റെ നടപടി പൂർണ്ണമായും നീതി ലംഘനമാണെന്ന റീനയുടെ പരാതി പരിഗണിച്ച ട്രൈബ്യൂണൽ, അവരെ സ്ഥാനത്തുനിന്നും മാറ്റിയ നടപടി സ്റ്റേ ചെയ്യുകയായിരുന്നു. വിഷയം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ വരും ദിവസങ്ങളിലെ കോടതി നിലപാട് ആരോഗ്യവകുപ്പിലെ ഈ കസേരക്കളിയിൽ നിർണ്ണായകമാകും.



