ബാർബർ ഷോപ്പിലെത്തിയ 7വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച 17 കാരൻ അറസ്റ്റിൽ…

ബാർബർഷോപ്പിൽ മുടി മുറിക്കാനെത്തിയ എഴുവയസുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അതിഥിതൊഴിലാളി പിടിയിൽ. ഞായറാഴ്ച വൈകിട്ട് ബാർബർ ഷോപ്പിൽ മുടിമുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ നാട്ടുകാർ ഇയാൾ ജോലി ചെയ്തിരുന്ന ബാർബർ ഷോപ്പ് തകർത്തു. മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാർബർ ഷോപ്പിന്റെ ബോർഡുകളും പൂട്ടുമാണ് നശിപ്പിച്ചത്. സംഭവത്തിൽ അതിഥിത്തൊഴിലാളിയായ പതിനേഴുകാരനെയാണ് പൊലീസ് പിടികൂടിയത്.

പിതാവിനൊപ്പം ബാർബർ ഷോപ്പിൽ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി. മുടിമുറിക്കാനിരിത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് ബഹളം വച്ചതോടെ ആളുകൾ കൂടി. കുട്ടിയുടെ പിതാവ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് തൊഴിലാളിക്കെതിരെ കേസെടുത്തത്. പിന്നാലെ ആണ് ബാർബർ ഷോപ്പിന് നേരെ അക്രമമുണ്ടായത്. ബാർബർ ഷോപ്പ് തകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതേസമയം ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.

Related Articles

Back to top button