അതിഥി തൊഴിലാളിയാണെന്ന വ്യാജേന അനധികൃത താമസം…കൊല്ലത്ത് ബംഗ്ലാദേശികൾ പിടിയിൽ…

കൊല്ലം: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു താമസമാക്കിയ ബംഗ്ലാദേശികൾ പിടിയിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവർ പിടിയിലാലായത്. കൊട്ടാരക്കരയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 10 പേരും നീണ്ടകരയിൽ ദമ്പതികളുമാണ് പിടിയിലായത്. നീണ്ടകരയിൽ വാടകയ്ക്ക് താമസിച്ചുവന്ന ബംഗ്ലാദേശ് ധാക്ക ബഗർഹട്ട് ഗുൽഷാ ഗലി വാർഡ് നാലിൽ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരാണ് അറസ്റ്റിലായത്.
പാസ്പോർട്ട്, വിസ എന്നിവയടക്കം മതിയായ യാത്രാ രേഖകളോ നിയമാനുസൃതമായ അനുമതിയോ ഇല്ലാതെയാണ് ഇവർ എത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയിൽ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചുവന്ന ഇവർ 10 വർഷം മുൻപാണ് കേരളത്തിൽ എത്തിയത്.ചാലക്കുടിയിൽ ഏഴ് വർഷം താമസിച്ച ശേഷമാണ് മൂന്നു വർഷം മുൻപ് കരുനാഗപ്പള്ളിയിലായത്. അവിടെ നിന്ന് ഒന്നരമാസം മുൻപ് നീണ്ടകരയിൽ എത്തി. പ്ലാഴ് വസ്തുകൾ ശേഖരിച്ച് ആക്രിക്കടകളിൽ വിറ്റായിരുന്നു ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. പൗരത്വം മറച്ചുവെച്ച് അതിഥി തൊഴിലാളികൾ ആണെന്ന വ്യാജേനയാണ് ഇവർ വീട് വാടകയ്ക്ക് എടുത്തത്.


