സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ച പുറത്തെത്തിച്ച നിസർഗ അധികാരിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് വിദഗ്ധ സംഘം

സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെയും പുനർ മൂല്യനിർണയത്തിലെയും ഗുരുതര വീഴ്ച പുറത്തെത്തിച്ച 19 വയസ്സുകാരൻ നിസർഗ അധികാരിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും. സിബിഎസ്ഇയുടെയും ഐഐടിയുടെയും വിദഗ്ധ സംഘവുമായി കൂടിക്കാഴ്ച നടത്താനാണ് എത്തിക്കൽ ഹാക്കർ കൂടിയായ നിസർഗ അധികാരിയെ ക്ഷണിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ സെൻസിറ്റീവ് ഡാറ്റ സൂക്ഷിക്കുന്ന സിബിഎസ്ഇ പോർട്ടലിൽ ‘ഗുരുതരമായ അപകടസാധ്യതകൾ’ ഉണ്ടെന്ന് നിസർഗ അധികാരി കഴിഞ്ഞ മാസം ചൂണ്ടിക്കാണിച്ചിരുന്നു. ഡാറ്റാ സുരക്ഷയിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി സിബിഎസ്ഇ നേരത്തെ ഈ വാദം നിഷേധിച്ചിരുന്നു.
നിസർഗ ഒരു മിടുക്കനായ വിദ്യാർത്ഥിയാണ്. അദ്ദേഹം പ്രധാനപ്പെട്ട അപകടസാധ്യതകൾ കണ്ടെത്തി. അദ്ദേഹത്തിന്റെ ചിന്താ പ്രക്രിയ മനസ്സിലാക്കാൻ ഞങ്ങൾക്ക് ജിജ്ഞാസയുണ്ടായിരുന്നു. സൈബർ സുരക്ഷയിൽ അദ്ദേഹം വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മനസ്സിലാക്കി. അതിനാൽ സിസ്റ്റം പരിഹരിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ അദ്ദേഹത്തെ വിളിച്ചു’വെന്നാണ് ഐഐടിയുടെ വിദഗ്ധ സംഘത്തിലെ അംഗത്തെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.



