കെ. സുരേന്ദ്രൻ ദേശീയ നേതൃത്വത്തിലേക്ക്…. ബിജെപി ദേശീയ ജനറൽ സെക്രട്ടറി പദവിക്ക് സാധ്യത

കോഴിക്കോട്: ബിജെപിയിൽ ദേശീയ തലത്തിലും മന്ത്രിസഭയിലും വൻ അഴിച്ചുപണിക്ക് സാധ്യത. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ദേശീയ ഭാരവാഹിത്വത്തിലേക്ക് ഉയർന്നേക്കുമെന്നാണ് വിവരം. സ്ഥാനമൊഴിഞ്ഞ അധ്യക്ഷനെന്ന പരിഗണനയിൽ സുരേന്ദ്രനെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ദേശീയ ജനറൽ സെക്രട്ടറിയായി നിയമിക്കാനാണ് സാധ്യത. നിലവിൽ കേരളത്തിൽ നിന്ന് അനിൽ ആന്റണിയും എ.പി അബ്ദുള്ളക്കുട്ടിയും ബിജെപിയുടെ ദേശീയ ഭാരവാഹികളാണ്. അതേസമയം, കേന്ദ്രമന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയത് പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. ഈ മാസം പകുതിയോടെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് അദ്ദേഹം തന്റെ നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.

കേന്ദ്രമന്ത്രിയായ ശേഷം തനിക്ക് സിനിമകൾ ചെയ്യാൻ കഴിയുന്നില്ലെന്നും അതിനാൽ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നുമാണ് സുരേഷ് ഗോപി ദേശീയ അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ അറിയിച്ചിരിക്കുന്നത്. ജൂൺ 15-ന് ശേഷം നടക്കാനിരിക്കുന്ന പുനഃസംഘടനയിൽ 10 മുതൽ 12 വരെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ട്. റെയിൽവേ, ധനം തുടങ്ങിയ പ്രധാന വകുപ്പുകളിൽപ്പോലും അഴിച്ചുപണി ഉണ്ടായേക്കാം. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലക്ഷ്യം വെച്ചാണ് ബിജെപിയുടെ ഈ നീക്കം. പ്രതിപക്ഷ പാർട്ടികളുടെയും സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആരോപണ നിഴലിലുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മാറ്റുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്മാരായി നിയമിതരായ പങ്കജ് ചൗധരി, ഹർഷ് മൽഹോത്ര എന്നിവർ സഹമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും. കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്ന ഒരു മുതിർന്ന നേതാവിന് 2028-ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടക ഉൾപ്പെടെയുള്ള തെക്കേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല നൽകിയേക്കും. രാജ്യസഭാ കാലാവധി പൂർത്തിയാക്കുന്ന ജോർജ് കുര്യൻ കേന്ദ്രമന്ത്രിസ്ഥാനം മാറുകയാണെങ്കിൽ, പകരം കേരളത്തിൽ നിന്ന് സി. സദാനന്ദൻ മാസ്റ്റർ, അനിൽ ആന്റണി, കെ. സുരേന്ദ്രൻ എന്നിവരിൽ ആരെങ്കിലും ഒരാൾ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, ബിജെപി സംഘടന അഴിച്ചുപണിയുടെ ഭാഗമായി കേരളത്തിന്റെ പ്രഭാരി സ്ഥാനത്ത് നിന്ന് പ്രകാശ് ജാവദേക്കർ മാറിയേക്കുമെന്നും സൂചനകളുണ്ട്.

Related Articles

Back to top button