‘അഴിമതിപ്പണം വെളുപ്പിക്കലാണ് നടന്നത്, കോടതിക്ക് യാഥാർഥ്യം ബോധ്യപ്പെട്ടു’…. മാത്യു കുഴൽനാടൻ

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി അന്വേഷണം തടയണമെന്ന അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. കോടതികൾക്ക് ഒടുവിൽ യാഥാർഥ്യം ബോധ്യപ്പെടുന്നു എന്നതിൽ സന്തോഷവും പ്രത്യാശയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള സേവനവും നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി കോടിക്കണക്കിന് രൂപ കൈപ്പറ്റിയതെന്നും, ഇത് കൃത്യമായ അഴിമതിപ്പണം വെളുപ്പിക്കൽ പ്രക്രിയയാണെന്ന് തങ്ങൾ ആദ്യം മുതൽ ഉന്നയിക്കുന്നതാണെന്നും കുഴൽനാടൻ വ്യക്തമാക്കി.

ഇത് ടാക്സ് അടച്ച പണമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അടക്കം നൽകിയ വിശദീകരണം. ഇതേ വാദമാണ് അവർ കോടതിയിലും ഉന്നയിച്ചത്. എന്നാൽ ഇതിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കാനുള്ള വ്യക്തമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് തുടക്കം മുതൽ തോന്നിയിരുന്നു. ഇഡി അന്വേഷണം കൂടി വരുന്നതോടെ കൂടുതൽ യഥാർത്ഥ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. ഇനിയെങ്കിലും ഈ കേസിൽ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പ്രത്യാശിക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഇഡി അധികാരം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നത് ബോധ്യമുള്ള കാര്യമാണ്. എന്നാൽ യഥാർത്ഥമായ ഒരു കുറ്റം നടക്കുമ്പോൾ അത് അന്വേഷിക്കാൻ ഇവിടെ മറ്റാരുമില്ലാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ ഈ കേസ് ഇഡി സത്യസന്ധമായി അന്വേഷിക്കുമോ എന്ന് കാത്തിരുന്നു കാണാമെന്നും, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതിൽ തനിക്ക് യാതൊരു ധാർമ്മിക പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button