‘ഇനി ഇഡി അന്വേഷണത്തെ തടയാൻ ആർക്കും കഴിയില്ല…. വീണ ചെയ്തത് ഗുരുതര കുറ്റങ്ങൾ’…. ഷോൺ ജോർജ്

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ്. ഇനി ഒരു തരത്തിലും ഇഡി അന്വേഷണത്തെ തടയാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷക്കാലമായി നിയമപരമായ എല്ലാ നടപടികളെയും തടയാനാണ് അവർ ശ്രമിച്ചതെന്ന് ഷോൺ ജോർജ് ആരോപിച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചതോടെ ഈ നീക്കങ്ങൾക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണത്തിൽ തന്നെ പിഎംഎൽഎ ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇഡിക്ക് ഇനി കൂടുതൽ തെളിവ് ശേഖരണത്തിന്റെ ആവശ്യം വരില്ല. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കൂടുതൽ നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് കരുതുന്നത്. വീണ ചെയ്ത തെറ്റ് എന്താണെന്ന് ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള സ്ഥാപനവുമായി ഒരു ഇടപാട് നടത്തുന്നത് തെറ്റാണ്. അതിൽ കൃത്രിമത്വം കാണിക്കുന്നത് അതിലും വലിയ തെറ്റാണ്. കേസിൽ വീണ വിജയൻ പ്രതിസ്ഥാനത്തുണ്ട്. അക്കൗണ്ടിൽപ്പെടാത്ത നൂറുകോടിയിലധികം രൂപ പിണറായി വിജയൻ കൈപ്പറ്റിയിട്ടുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു.
മാസപ്പടി കേസിലെ ഇഡി അന്വേഷണം തങ്ങളുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമർപ്പിച്ച അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. ഇതോടെ കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണവുമായി ശക്തമായി മുന്നോട്ടുപോകാൻ ഇഡിക്ക് നിയമപരമായ അനുമതി ലഭിച്ചിരിക്കുകയാണ്.



