എൽഡിഎഫിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം…. സിപിഐഎം – സിപിഐ ചർച്ച പരാജയം….. വിട്ടുവീഴ്ചയ്ക്കില്ലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ഇടതുമുന്നണിയിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഐഎമ്മിന്റെയും സിപിഐയുടെയും ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു. ചർച്ച സൗഹാര്‍ദപരമായിരുന്നെങ്കിലും പരാജയപ്പെടാനായിരുന്നു സാഹചര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സിപിഐ ശക്തമായി വാദിക്കുമ്പോൾ അതിന് വഴങ്ങാൻ സിപിഐഎം തയ്യാറാകാത്തതാണ് ചർച്ച വഴിമുട്ടാൻ കാരണം.

ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കി. സിപിഐയുടെ നിലപാട് സിപിഐ എടുത്തു, സിപിഐഎമ്മിന്റെ നിലപാട് അവരും എടുത്തു. എല്‍ഡിഎഫില്‍ സിപിഐ കൊടുക്കുന്ന പ്രാധാന്യം തിരിച്ച് സിപിഐഎമ്മും കൊടുക്കണം. തങ്ങളുടെ നിലപാട് എന്താണെന്ന് സിപിഐഎം വ്യക്തമാക്കട്ടെ. മുന്നണിയുടെ മുന്നോട്ടുള്ള നല്ല നീക്കത്തിന് സിപിഐ ഒപ്പമുണ്ട്. എന്നാൽ രണ്ട് പാര്‍ട്ടികളുടേയും നിലപാടില്‍ മാറ്റമില്ല, വിട്ടുവീഴ്ചയ്ക്കുമില്ല. എന്നും വ്യക്തമാക്കി. എന്നാൽ, പ്രതിപക്ഷ നേതാവും ഉപനേതാവും സിപിഐഎമ്മില്‍ നിന്ന് തന്നെ വേണമെന്നതാണ് കീഴ്‌വഴക്കമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എങ്കിലും സിപിഐയും സിപിഐഎമ്മും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പറ്റുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ സിപിഐഎം-സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് എല്‍ഡിഎഫിന് സംയുക്ത നിയമസഭാ കക്ഷിയോഗം വിളിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സിപിഐ രേഖാമൂലം സിപിഐഎമ്മിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുന്നണിയിലെ ഈ തർക്കം നിയമസഭയ്ക്കുള്ളിലും പരസ്യമാകുന്ന കാഴ്ചയ്ക്കാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. ഇന്ന് സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഭ ബഹിഷ്‌കരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും എൽഡിഎഫ് എംഎൽഎമാർ സഭ വിട്ടിറങ്ങുകയും ചെയ്തപ്പോഴും, സിപിഐ എംഎല്‍എ കെ. രാജന്‍ സഭ വിട്ടിറങ്ങാതെ ഉള്ളിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു.

Related Articles

Back to top button