കൊല്ലത്ത് പത്തു വയസുകാരന് നേരെ പിതാവിന്റെ ക്രൂരതയെന്ന് ആരോപണം…. ഡോക്ടറോട് രഹസ്യം വെളിപ്പെടുത്തി കുട്ടി

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ പത്തു വയസുകാരനെ പിതാവ് പൊള്ളലേൽപ്പിച്ചതായി ഗുരുതര ആരോപണം. കുട്ടിയെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. പരിക്കുകളിൽ സംശയം തോന്നിയ ഡോക്ടർ വിശദമായി ചോദിച്ചപ്പോഴാണ് പിതാവ് ചെയ്ത ക്രൂരതയെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയെ തുടർചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മൂന്ന് ദിവസം മുമ്പ് ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തിയ ശേഷം കുട്ടിയും അമ്മയും മടങ്ങിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും ആശുപത്രിയിൽ എത്തിയപ്പോഴാണ് പരിക്കുകളുടെ സ്വഭാവം കണ്ട് ഡോക്ടർക്ക് സംശയം തോന്നിയത്. ഇതോടെയാണ് പിതാവാണ് തന്നെ പൊള്ളിച്ചതെന്ന് കുട്ടി വ്യക്തമാക്കിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ജില്ലാ ആശുപത്രിയിൽ നിന്നും ശാസ്താംകോട്ട പോലീസിന് കൈമാറിയ വിവരത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
അതേസമയം, കുട്ടിയുടെ നേരെ ഉയർന്നിട്ടുള്ള ക്രൂരതയെക്കുറിച്ചുള്ള ആരോപണങ്ങൾ ബന്ധുക്കൾ നിഷേധിച്ചു. കുട്ടി സ്വയം ചൂടുള്ള കഞ്ഞിവെള്ളം ദേഹത്തേക്ക് ഒഴിച്ചതാണെന്നാണ് ഒരു ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയുടെ പിതാവ് നിലവിൽ മൈനാഗപ്പള്ളിയിൽ ഇല്ലെന്നും പട്ടാഴിയിലാണെന്നും ബന്ധു കൂട്ടിച്ചേർത്തു. സംഭവത്തിൽ ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സംഘം എസ്.എ.ടി ആശുപത്രിയിൽ എത്തി കുട്ടിയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തും. മൊഴി എടുത്ത ശേഷമായിരിക്കും പിതാവിനെതിരെയുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കുക.



