മഴയ്ക്കിടെ തീപിടിത്തം….ആറ്റിങ്ങലിൽ ഗ്രാഫിക്സ് സ്ഥാപനം കത്തിനശിച്ചു, ഒരു കോടിയോളം നഷ്ടം

തിരുവനന്തപുരം: ആറ്റിങ്ങൽ കച്ചേരി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ‘കൂൾമേറ്റ് ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. അപകടത്തിൽ സ്ഥാപനം പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് ശേഷമായിരുന്നു സംഭവം.
സ്ഥാപനത്തിൽനിന്ന് പുക ഉയരുന്നത് കണ്ട സമീപം വഴി കടന്നുപോയവരാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്.ഉടൻ തന്നെ യൂണിറ്റ് എത്തിയെങ്കിലും സ്ഥാപനത്തിനുളളിലെ സാധനങ്ങൾ കത്തിയമർന്നിരുന്നു. ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങളും സാധനങ്ങളാണ് കത്തിയതെന്ന് ഉടമ പറയുന്നു.
ആറ്റിങ്ങൽ ഫയർ ഫോഴ്സിൻ്റെ ഒരു യൂണിറ്റ് വാഹനം സംഭവസ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾക്കൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ കാരണം സമീപത്തെ മറ്റ് കടകളിലേക്കും വീടുകളിലേക്കും തീ പടരുന്നത് ഒഴിവാക്കാൻ സാധിച്ചു.



