പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചത് അഞ്ച് വര്‍ഷം….പ്രതിക്ക് 16 വര്‍ഷം കഠിന തടവും പിഴയും…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 16 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. 35,000 രൂപ പിഴയൊടുക്കാനും കോടധി വിധിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശി അബ്‍ദുൽ മിഹ്‌റാജിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ദേവന്‍ കെ. മനോജ് ശിക്ഷിച്ചത്.

2019 ജൂണ്‍ മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ വിവിധയിടങ്ങളില്‍ വെച്ചാണ് ഇയാള്‍ അതിജീവിതയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ കൂത്താളി, കിഴിഞ്ഞാണ്യം തുടങ്ങിയ സ്ഥലങ്ങളിലെ വാടക വീട്ടുകളില്‍ വെച്ചും ഇയാള്‍ അതിക്രമം നടത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണിലൂടെ അശ്ലീല വീഡിയോ കാണിച്ച കുറ്റവും ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നു. പേരാമ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ഷമീര്‍, വിനീത് കുമാര്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 10 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

Related Articles

Back to top button