കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര…. 3 മാസം കൊണ്ട് 112 കോടിയുടെ അധിക ബാധ്യത…. ആശങ്കയോടെ പ്രതിപക്ഷ യൂണിയനുകൾ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ യൂണിയനുകൾ രംഗത്ത്. പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്കുണ്ടാകുന്ന ഭീമമായ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ പൂർണ്ണമായും ഏറ്റെടുക്കണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു.

പദ്ധതി നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിൽ മാത്രം മൂന്ന് മാസം കൊണ്ട് കെഎസ്ആർടിസിക്ക് 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ ഭീമമായ നഷ്ടത്തിന്റെ കണക്കുകൾ കെഎസ്ആർടിസി എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇന്നത്തെ മന്ത്രിസഭായോഗത്തിന് മുൻപാകെ ഈ വിവരങ്ങൾ അവതരിപ്പിക്കും. മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തോടെ മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുക.

സൗജന്യ യാത്രയിലൂടെ സ്ഥാപനത്തിനുണ്ടാകുന്ന വലിയ ബാധ്യത സർക്കാർ തന്നെ ഏറ്റെടുക്കണം. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പെൻഷൻ കിട്ടാതെ 24 കെഎസ്ആർടിസി ജീവനക്കാർ ആത്മഹത്യ ചെയ്ത സംഭവം സിഐടിയു ഓർമ്മിപ്പിച്ചു. സാമ്പത്തിക ബാധ്യതകൾ നികത്തി സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കെഎസ്ആർടിസിയെ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. നിലവിൽ തന്നെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിനും ഇന്ധനത്തിനുമായി 125 കോടിയിലധികം രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. ഇതിനു പുറമെയാണ് ടിക്കറ്റ് വരുമാനത്തിൽ വരുന്ന 112 കോടിയുടെ പുതിയ നഷ്ടം കൂടി സർക്കാരിന് വഹിക്കേണ്ടി വരിക.

ജൂൺ 15-നകം പദ്ധതിയുടെ പുതിയ സ്കീമും കൃത്യമായ ഫിനാൻഷ്യൽ റോഡ് മാപ്പും തയ്യാറാക്കുക എന്ന കടുത്ത വെല്ലുവിളിയും ഗതാഗത വകുപ്പിന് മുന്നിലുണ്ട്. സർക്കാരിൽ നിന്ന് അധിക സാമ്പത്തിക സഹായം ഉറപ്പുനൽകിയാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ എന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ നിലപാട്. വിഷയം സങ്കീർണ്ണമായതിനാൽ തുടർ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ വിവേചനത്തിന് വിടാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button