‘മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണം’….. വി.ഡി. സതീശന്റെ ’10 മിനിറ്റ് വാഗ്ദാനം’ ഓർമ്മിപ്പിച്ച് വഖഫ് ബോർഡിനെതിരെ ദീപിക മുഖപത്രത്തിന്റെ രൂക്ഷവിമർശനം

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിൽ സംസ്ഥാന വഖഫ് ബോർഡിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ദീപിക മുഖപത്രം. മുനമ്പം ഭൂമി വഖഫ് സ്വത്തായി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിയെ ചൂണ്ടിക്കാട്ടിയാണ് പത്രത്തിന്റെ എഡിറ്റോറിയലിൽ വഖഫ് ബോർഡിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്. മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്ന് മുഖപ്രസംഗം ആഹ്വാനം ചെയ്യുന്നു.
അധികാരത്തിലെത്തിയാൽ മുനമ്പം പ്രശ്നം വെറും പത്തു മിനിറ്റുകൊണ്ട് പരിഹരിക്കുമെന്ന് മുൻപ് പ്രസ്താവന നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെ ഈ വാക്കുകൾ ഓർമ്മിപ്പിച്ചാണ് ദീപിക വിമർശിക്കുന്നത്. മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് അവിടുത്തെ 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല, മതേതര കേരളത്തെ ഒന്നടങ്കമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
തങ്ങളുടേതെന്ന് തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും. തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകും. വഖഫിന്റെ ചെരുപ്പിനനുസരിച്ച് നീതിയുടെ കാലുകൾ ഇവിടെ വെട്ടിമുറിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സർക്കാർ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണം. ഇരകളേക്കാൾ വലിയ നിസ്സഹായാവസ്ഥയിലാണോ തങ്ങളെന്ന് സർക്കാർ ചിന്തിക്കണം.
വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം ഉടനടി റദ്ദാക്കണമെന്നും മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്നും ദീപിക ആവശ്യപ്പെടുന്നു. അതുവരെ ‘10 മിനിറ്റ് വാഗ്ദാനമഴ’ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി ഈ കടപ്പുറത്ത് തന്നെയുണ്ടാകുമെന്നും അവർ എങ്ങോട്ടും പോകില്ലെന്നും വ്യക്തമാക്കിയാണ് ദീപിക മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. വഖഫ് ബോർഡിന്റെ പുതിയ നീക്കത്തോടെ മുനമ്പം വിഷയം കേരളത്തിൽ വീണ്ടും രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ വൻ ചർച്ചയായി മാറുകയാണ്.



