കേരള ബ്ലാസ്റ്റേഴ്‌സ് അടച്ചുപൂട്ടുകയാണോ?; കൊച്ചിയിലെ മത്സരത്തിന് ശേഷം നൽകിയ സൂചനയിൽ ആശങ്കാകുലരായി ആരാധകർ

കേരള ബ്ലാസ്റ്റേഴ്‌സ് അടച്ചുപൂട്ടുകയാണോ എന്ന ആശങ്കയിൽ ആരാധകർ. ഐഎസ്എൽ സീസണിലെ അവസാന മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ സൂചനയാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്. മത്സരത്തിന് ശേഷം ആരധകരുടെ മുന്നിൽ ‘താങ്ക്യൂ കേരളം’ എന്ന പോസ്റ്റർ താരങ്ങളും കോച്ചിങ് സ്റ്റാഫും ചേർന്ന് പ്രദർശിപ്പിച്ചിരുന്നു. മത്സരത്തിൽ എഫ്‌സി ഗോവയെ 2-1ന് തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പട്ടികയിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

കൊച്ചിയിലെ അവസാന മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റുകളും പങ്കുവെച്ച വിഡിയോകളും ക്ലബ് അടച്ചുപൂട്ടുന്നു എന്ന സൂചനകളാണ് നൽകുന്നത്. ഐഎസ്എൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല മറ്റ് ഇന്ത്യൻ ക്ലബ്ബുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഐഎസ്എൽ ക്ലബ്ബുകളും ഐഎഫ്എഫും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മെയ് 22, 23 തീയതികളിൽ നിർണായക യോഗങ്ങൾ ചേരുന്നു. ജീനിയസ് സ്പോർട്സുമായുള്ള $7 മില്യൺ ഡോളറിന്റെ വാണിജ്യ കരാർ ക്ലബ്ബുകൾ എതിർത്തിരുന്നു. പകരം, ക്ലബ്ബുകൾക്ക് 90% സാമ്പത്തിക പങ്കാളിത്തവും വാണിജ്യ നിയന്ത്രണവുമുള്ള മാതൃകയാണ് അവർ നിർദ്ദേശിച്ചത്. ഇതിൽ AIFFന് 10% ഓഹരിയും കായിക നിയന്ത്രണവും ലഭിക്കും. ജീനിയസ് സ്പോർട്സിനെ വെറും സാങ്കേതിക പങ്കാളിയാക്കി മാറ്റാനാണ് തീരുമാനം. നഷ്ടം നികത്താൻ AIFFന് ലഭിക്കേണ്ട 12.8 കോടി രൂപ ക്ലബ്ബുകൾ നേരിട്ട് നൽകും. ഈ നിർദ്ദേശങ്ങൾ മെയ് 23ലെ പ്രത്യേക ജനറൽ ബോഡി യോഗത്തിൽ അന്തിമമാക്കും.

Related Articles

Back to top button