പഴയ പൊള്ളൽ പാടുകൾ പതിറ്റാണ്ടുകൾക്ക് ശേഷം കാൻസറായി മാറാൻ സാധ്യതയോ!

ശരീരത്തിൽ ഉണ്ടാകുന്ന പൊള്ളലേറ്റ പാടുകൾ കുറച്ച് കാലം പരിചരിച്ച ശേഷം അവഗണിക്കുന്നത് പതിവാണ്. എന്നാൽ പഴയ പൊള്ളൽ പാടുകൾ പതിറ്റാണ്ടുകൾക്ക് ശേഷം കാൻസറായി മാറാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. മാർജോളിൻസ് അൾസർ എന്നറിയപ്പെടുന്ന ഈ അപൂർവ തരം സ്കിൻ കാൻസർ സ്ക്വാമസ് സെൽ കാർസിനോമ വിഭാഗത്തിൽപ്പെടുന്നതാണ്.
എന്താണ് മാർജോളിൻസ് അൾസർ ?
പഴയ മുറിവുകൾ, പൊള്ളലേറ്റ പാടുകൾ, ദീർഘകാലമായി ഭേദമാകാത്ത അൾസറുകൾ എന്നിവയിൽ നിന്ന് രൂപപ്പെടാൻ സാധ്യതയുള്ള അപൂർവ ത്വക്ക് കാൻസറാണ് മാർജോളിൻസ് അൾസർ. വർഷങ്ങളോളം മാറ്റമില്ലാതെ തുടരുന്ന പൊള്ളലേറ്റ പാടുകളിലെ ചില ഭാഗങ്ങളിൽ കോശങ്ങളുടെ അസാധാരണ വളർച്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
അതാണ് പിന്നീട് കാൻസറായി മാറുന്നത്. മാർജോളിൻസ് അൾസർ സാധാരണയായി പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല. പൊള്ളലേറ്റ് പാടുകളിൽ നിന്ന് കാൻസർ രൂപപ്പെടാൻ 10 മുതൽ 40 വർഷം വരെ എടുത്തേക്കാം. അതുകൊണ്ട് തന്നെ പഴയ പൊള്ളലേറ്റ പാടുകൾ ഉണ്ടെങ്കിൽ വർഷങ്ങളായാലും അവയെ അവഗണിക്കരുത്. ഏകദേശം രണ്ട് ശതമാനം പൊള്ളൽ പാടുകളിൽ കണ്ടുവരുന്ന ഈ രോഗാവസ്ഥ ചർമത്തിലെ മറ്റ് അർബുദങ്ങളെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയാണ്.
പൊള്ളലേറ്റ ഭാഗത്തെ കോശങ്ങളുടെ സംരക്ഷണ ശേഷി കുറയുന്നതും രക്തയോട്ടം കുറവായതിനാൽ പ്രതിരോധ സംവിധാനം ദുർബലമാകുന്നതുമാണ് ഇതിലേക്ക് നയിക്കുന്നത്. മുറിവ് ഉണങ്ങുകയും വീണ്ടും പൊട്ടുകയും ചെയ്യുന്ന അവസ്ഥയിലൂടെ വർഷങ്ങളോളം കടന്നുപോകുന്നത് കോശങ്ങളിലെ ഡിഎൻഎ നാശത്തിന് കാരണമാവുകയും ഇത് അനിയന്ത്രിതമായ കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ
പൊള്ളലേറ്റ പാടുള്ള ഭാഗത്തെ മുറിവ് വീണ്ടും പൊട്ടുക.
ഭേദമാകാതെ നീണ്ടുനിൽക്കുന്ന മുറിവ്
പൊള്ളലേറ്റ പാടിൽ അസാധാരണ വളർച്ച അല്ലെങ്കിൽ കട്ട പോലെ ഉണ്ടാവുക.
രക്തസ്രാവം
ദുർഗന്ധമുള്ള സ്രാവം
നിറം മാറുക
കടുത്ത വേദന അല്ലെങ്കിൽ ചൊറിച്ചിൽ
രോഗനിർണയം എങ്ങനെ
ശാരീരിക പരിശോധനയിലൂടെയും ബയോപ്സി നടത്തുന്നതിലൂടെയും സിടി സ്കാൻ അല്ലെങ്കിൽ എംആർഐ ചെയ്യുന്നതിലൂടെയും മാർജോളിൻസ് അൾസർ കണ്ടെത്താൻ സാധിക്കും. രോഗം നേരത്തെ കണ്ടെത്തുന്നത് മികച്ച ചികിത്സ ലഭിക്കുന്നതിനും രോഗമുക്തി കിട്ടുന്നതിനും സഹായിക്കും.
എല്ലാ പൊള്ളലേറ്റ പാടുകളും അപകടകാരിയല്ല. എന്നാൽ പഴയ പൊള്ളലേറ്റ പാടുകളിൽ അസാധാരണ മാറ്റങ്ങൾ കാണുന്നുവെങ്കിൽ അത് വെറും പാടാണെന്ന് കരുതി അവഗണിക്കരുത്.




