‘അമ്മ’യിൽ വീണ്ടും പോര്…. ഭാരവാഹികൾക്കെതിരെ തൊഴിൽ പീഡന പരാതിയുമായി മുൻ ഓഫീസ് മാനേജർ

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഓഫീസ് മാനേജർ. സംഘടനയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെയാണ് യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പരാതിയിൽ എറണാകുളം നോർത്ത് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ട്രഷററായ ഉണ്ണി ശിവപാൽ തന്നോട് മോശമായി പെരുമാറിയെന്ന് യുവതി ആരോപിക്കുന്നു. ഇക്കാര്യം ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെ അറിയിച്ചപ്പോൾ പരാതി പരിഹരിക്കുന്നതിന് പകരം തന്നെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് യുവതി പരാതിയിൽ പറയുന്നു. ഓഫീസിലെ കാര്യങ്ങൾ സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനെ എന്തിന് അറിയിക്കുന്നു എന്ന് ചോദിച്ചും കുക്കു പരമേശ്വരൻ തന്നെ സമ്മർദ്ദത്തിലാക്കിയതായി യുവതി വെളിപ്പെടുത്തി. താൻ മാനേജറായിരുന്ന കാലയളവിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കമ്മീഷണർക്ക് ലഭിച്ച പരാതി നിലവിൽ നോർത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം പരാതിയിലെ വസ്തുതകൾ പരിശോധിച്ച് ഭാരവാഹികൾക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. അമ്മയുടെ നേതൃത്വത്തിലേക്ക് ശ്വേതാ മേനോനും കുക്കു പരമേശ്വരനും എത്തിയതിന് ശേഷമുള്ള ആദ്യത്തെ പ്രധാന വിവാദമാണിത്.

Related Articles

Back to top button