കിണറ്റിൽ വീണ തൊഴിലാളിക്ക് അഗ്നിരക്ഷാ സേന രക്ഷകരായി….. നട്ടെല്ലിന് പരിക്കേറ്റ ചന്ദ്രനെ പുറത്തെത്തിച്ചത് സാഹസികമായി

മലപ്പുറം: പുലാമന്തോൾ ചേലാർകുന്നിൽ കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി താഴെ വീണ തൊഴിലാളിയെ പെരിന്തൽമണ്ണ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ചേലാർകുന്ന് സ്വദേശി ചന്ദ്രനാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പകൽ 11 മണിയോടെ സൈനുദ്ദീൻ എന്നയാളുടെ വീട്ടിലെ കിണറിലായിരുന്നു അപകടം. കിണറ്റിലേക്ക് ഇറങ്ങുന്നതിനിടെയാണ് ചന്ദ്രൻ പിടിച്ചിരുന്ന കയർ പൊട്ടിയത്. ഇരുപതടി താഴ്ചയുള്ള കിണറ്റിലെ പാറയിലേക്കാണ് ഇദ്ദേഹം വീണത്. വീഴ്ചയുടെ ആഘാതത്തിൽ ചന്ദ്രന്റെ നട്ടെല്ലിന് പൊട്ടലേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരിന്തൽമണ്ണ അഗ്നിരക്ഷാ സേന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.ടി. രാജേഷ്, എം. കിഷോർ എന്നിവർ കിണറ്റിലിറങ്ങി. നട്ടെല്ലിന് പരിക്കേറ്റതിനാൽ അതീവ ജാഗ്രതയോടെ സ്പൈൻ ബോർഡിൽ സുരക്ഷിതമായി ബന്ധിച്ച ശേഷമാണ് റോപ്പിന്റെ സഹായത്തോടെ ചന്ദ്രനെ കിണറ്റിന് പുറത്തെത്തിച്ചത്. ഉടൻ തന്നെ ചന്ദ്രനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചു.



