സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നു… ‘പീക്ക് ലോഡ് മാനേജ്മെന്റ്’ ഇനി എസ്എംഎസ് വഴി അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ചതോടെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് കെഎസ്ഇബി. ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രസരണ-വിതരണ ശൃംഖല നേരിടുന്ന വലിയ സമ്മർദ്ദം കുറയ്ക്കുന്നതിനാണ് ബോർഡ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ‘പീക്ക് ലോഡ് മാനേജ്മെന്റ്’ എന്ന പേരിലാകും നിയന്ത്രണങ്ങൾ നടപ്പിലാക്കുക.
രാത്രികാലങ്ങളിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം ഉണ്ടാകുക. അപ്രഖ്യാപിതമായി വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാൻ, നിയന്ത്രണമുള്ള മേഖലകളിൽ ഉപഭോക്താക്കൾക്ക് മുൻകൂട്ടി എസ്എംഎസ് വഴി വിവരം നൽകും. ചൂട് വർധിച്ചതോടെ വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നത് പവർ ഗ്രിഡുകളെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും അപ്രഖ്യാപിതമായി വൈദ്യുതി മുടങ്ങിയത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം തന്നെ പ്രതിസന്ധി പരിഹരിക്കാൻ സമാന്തരമായ മറ്റ് മാർഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങളും ബോർഡ് ഊർജിതമാക്കി. വൈദ്യുതി ഉപഭോഗം കൂടുതലുള്ള പീക്ക് സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ രാത്രി 11 വരെ) അമിതമായി വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കി സഹകരിക്കണമെന്ന് കെഎസ്ഇബി ജനങ്ങളോട് അഭ്യർത്ഥിച്ചു.



