ടൂറിസ്റ്റുകളുമായി പോകാൻ സമ്മതിക്കില്ല… വർക്കലയിൽ ടാക്സി ഡ്രൈവർക്ക് നേരെ അതിക്രമം… ടയറിൽ അള്ള് വെച്ച് അപായപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം: ടൂറിസം കേന്ദ്രമായ വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് നേരെ പ്രാദേശിക ടാക്സി ഡ്രൈവർമാരുടെ അതിക്രമം. പത്തനംതിട്ട സ്വദേശിയായ റിയാസിനെയാണ് ഒരു സംഘം തടഞ്ഞുനിർത്തി അസഭ്യം പറയുകയും വാഹനത്തിന്റെ ടയറുകളിൽ അള്ള് വെച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. ഈ മാസം 18ന് വർക്കല ഹെലിപാടിന് സമീപമായിരുന്നു സംഭവം.
വർക്കലയിൽ നിന്നും വിദേശ ടൂറിസ്റ്റുകളുമായി ആലപ്പുഴയിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് പ്രാദേശിക ഡ്രൈവർമാർ സംഘടിച്ചെത്തിയത്. വാഹനം മുന്നോട്ട് എടുത്തപ്പോൾ ടയറുകളിൽ അള്ള് വെച്ച് പങ്ചറാക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമണ സമയത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടി അക്രമി സംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും റിയാസ് ആരോപിക്കുന്നു.
ടൂറിസ്റ്റുകളെ കൊണ്ടുപോകാനുള്ള പെർമിറ്റ് വാഹനത്തിന് ഇല്ലെന്ന് ആരോപിച്ചായിരുന്നു തടഞ്ഞുവെക്കൽ. കഴിഞ്ഞ ദിവസവും വർക്കലയിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററെ ഒരു സംഘം തടഞ്ഞതായി പരാതി ഉയർന്നിരുന്നു. പ്രാദേശിക ഡ്രൈവർമാരുടെ നടപടി ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാകുന്നുവെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തിൽ റിയാസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ ഓൺലൈൻ ടാക്സികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെ നടക്കുന്ന ഇത്തരം ഗുണ്ടായിസത്തിനെതിരെ കർശന നടപടി വേണമെന്നാണ് യാത്രക്കാരുടെയും ടൂർ ഓപ്പറേറ്റർമാരുടെയും ആവശ്യം.



