ചെങ്ങന്നൂരിൽ വയോധികന്റെ മരണത്തിൽ ദുരൂഹത… മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ഉത്തരവ്

ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂരിൽ വയോധികന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവിട്ടു. പുലിയൂർ സ്വദേശി യേശുദാസിന്റെ മൃതദേഹമാണ് ശാസ്ത്രീയ പരിശോധനകൾക്കായി വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നത്. ചെങ്ങന്നൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കഴിഞ്ഞ മാർച്ച് 20-നാണ് യേശുദാസ് മരണപ്പെട്ടത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിട്ടും അന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയില്ലെന്ന് ആക്ഷേപമുണ്ട്. യേശുദാസ് മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ സ്വത്തുക്കൾ സഹോദരന്റെ പേരിലേക്ക് മാറ്റിയതാണ് മരണത്തിൽ സംശയം വർദ്ധിപ്പിച്ചത്. യേശുദാസിന്റെ മരുമകൾ ലീന ബിൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതി നടപടി.
പുലിയൂർ സെന്റ് മേരീസ് പള്ളിയിൽ അടക്കം ചെയ്ത മൃതദേഹം ചൊവ്വാഴ്ച രാവിലെ പുറത്തെടുക്കും. ചെങ്ങന്നൂർ തഹസിൽദാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധം നടപടികൾ പൂർത്തിയാക്കണമെന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താൻ ചെങ്ങന്നൂർ പൊലീസും സമാന്തരമായി അന്വേഷണം നടത്തിവരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹതകൾക്ക് വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



