കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത; ഡിഎ വീണ്ടും ഉയർന്നു

വിലക്കയറ്റത്തിന്റെ സമ്മർദ്ദം ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരെയും പെൻഷൻക്കാരെയും ആശ്വസിപ്പിക്കുന്ന നിർണായക തീരുമാനവുമായി കേന്ദ്ര മന്ത്രിസഭ രംഗത്തെത്തി. ക്ഷാമബത്ത (ഡിഎ) രണ്ടുശതമാനം വർദ്ധിപ്പിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.

പണപ്പെരുപ്പത്തെ നേരിടാൻ ജീവനക്കാരുടെ ശമ്പളത്തിൽ ഉൾപ്പെടുത്തുന്ന പ്രധാന ഘടകമാണ് ഡിഎ. ഇതിലെ വർധനവ് നേരിട്ട് പ്രതിമാസ വരുമാനത്തിൽ മാറ്റമുണ്ടാക്കും. ഒക്ടോബറിൽ നടന്ന അവസാന പരിഷ്‌കരണത്തിൽ ഡിഎ 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയർത്തിയിരുന്നു. 2025 ജൂലൈ 1 മുതൽ അത് പ്രാബല്യത്തിൽ വന്നിരുന്നു.

പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഡിഎ 60 ശതമാനമായി ഉയരും. വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പുതുക്കുന്നത് എന്നതിനാൽ ഈ വർധനവ് ജീവനക്കാർക്ക് സ്ഥിരമായ സാമ്പത്തിക പിന്തുണയായി മാറുന്നു.

8-ാം ശമ്പള കമ്മിഷന് കീഴിൽ ശമ്പള ഘടനയിൽ വലിയ മാറ്റങ്ങൾ നടപ്പാക്കണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടനകൾ ശക്തമായി രംഗത്തുള്ള സമയത്താണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ശമ്പള ഘടനയിൽ സമഗ്രമായ മാറ്റങ്ങൾ വേണമെന്ന ആവശ്യത്തിനിടയിൽ, നിലവിലെ വർധനവ് ഒരു ഇടക്കാല ആശ്വാസമായി കണക്കാക്കപ്പെടുന്നു. മുന്നോട്ടുള്ള ശമ്പള പരിഷ്‌കരണങ്ങളിലേക്കുള്ള ഒരു സൂചനയായി ഈ തീരുമാനം വിലയിരുത്തപ്പെടുന്നു.

Related Articles

Back to top button