വിഷു പോസ്റ്റർ വിവാദത്തിൽ മാപ്പ് ചോദിച്ച് മെഹർ മന്തി ഉടമ… ഉടമകളിലൊരാളെ ചേർത്തല പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: ആലപ്പുഴയിലെ മെഹർ മന്തി റെസ്റ്റോറന്റ് വിഷു ദിനത്തിൽ പങ്കുവെച്ച വിവാദ പോസ്റ്ററിൽ വിശദീകരണവുമായി മാനേജ്‌മെന്റ്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും സംഭവിച്ചത് കൈപ്പറ്റിയ പിഴവാണെന്നും മാനേജിങ് പാർട്ണർ ഷമീർ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റത്തിന് റെസ്റ്റോറന്റ് ഉടമ അർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.

മന്തിക്ക് മുന്നിൽ ശ്രീകൃഷ്ണൻ ഇരിക്കുന്ന രീതിയിലുള്ള പോസ്റ്ററാണ് വലിയ വിവാദത്തിന് വഴിവെച്ചത്. വിഷുവിനായി തയ്യാറാക്കിയ രണ്ട് പോസ്റ്ററുകളിൽ അനുയോജ്യമല്ലാത്തത് മാറ്റിവെച്ചിരുന്നു. എന്നാൽ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചർച്ചയ്ക്കിടെ അറിയാതെ ഒരാൾ ഇത് പോസ്റ്റ് ചെയ്യുകയും ഉടൻ പിൻവലിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ഇതിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിക്കപ്പെട്ടുവെന്ന് ഷമീർ വീഡിയോയിൽ പറഞ്ഞു. തങ്ങൾ എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണെന്നും വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിനി എ.പി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചേർത്തല പോലീസ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിച്ചു എന്ന കുറ്റമാണ് ഉടമകൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉടമകളായ അർഷാദ്, ഷംനാസ് എന്നിവർക്കെതിരെയാണ് കേസ്. ഇതിൽ അർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും പ്രതിഷേധവുമാണ് റെസ്റ്റോറന്റിനെതിരെ ഉണ്ടായത്. കുറ്റപ്പെടുത്തുന്ന കമന്റുകൾ കാണുന്നത് മാനസികമായി വിഷമിപ്പിക്കുന്നുവെന്നും എല്ലാവരും പൊറുത്തു നൽകണമെന്നും ഷമീർ വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.

Related Articles

Back to top button