പള്ളി വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം… ദുരൂഹതയില്ലെന്ന് പോലീസ്… മാസം തികയാതെ പ്രസവിച്ച യുവതി ചികിത്സയിൽ

കോഴിക്കോട്: മദർ ഓഫ് ഗോഡ് കത്തീഡ്രൽ കോമ്പൗണ്ടിൽ ആറു മാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. തീർത്ഥാടക സംഘത്തോടൊപ്പം എത്തിയ പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശിനിയായ 25 വയസ്സുകാരിയാണ് മാസം തികയാതെ പ്രസവിച്ചത്. ഭ്രൂണം അലക്ഷ്യമായി ഉപേക്ഷിച്ചതിന് യുവതിക്കെതിരെ പോലീസ് കേസെടുക്കും.

തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള തീർത്ഥാടക ബസിനുള്ളിലാണ് യുവതി പ്രസവിച്ചത്. ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നു. പള്ളിക്ക് സമീപം ബസ് നിർത്തിയപ്പോൾ ഭീതി കാരണം യുവതി ഭ്രൂണം പള്ളി വളപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തീർത്ഥാടക സംഘത്തെ പോലീസ് കണ്ടെത്തിയത്. യുവതിയെ പോലീസ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെട്ടെന്നുണ്ടായ പ്രസവവേദനയിൽ പരിഭ്രമിച്ചാണ് ഭ്രൂണം ഉപേക്ഷിച്ചതെന്ന് യുവതി മൊഴി നൽകി. വിവാഹിതയും ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ് ഇവർ. മുൻപും യുവതിയുടെ ഗർഭം അലസിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുടുംബ പശ്ചാത്തലം ഉൾപ്പെടെ പരിശോധിച്ച പോലീസ്, സംഭവത്തിൽ മറ്റു ദുരൂഹതകളില്ലെന്ന് വ്യക്തമാക്കി.

Related Articles

Back to top button