തിരുവനന്തപുരം നഗരത്തിൽ തെരുവുവിളക്കുകൾ കണ്ണടച്ചു…തെരുവുനായ ശല്യവും രൂക്ഷം…

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പലേടത്തും തെരുവുവിളക്കുകൾ പണിമുടക്കിയിട്ട് മാസങ്ങൾ. തെരുവുവിളക്കുകൾ പരിപാലിക്കാനുള്ള കരാർ കാലാവധി കഴിഞ്ഞെന് കോർപ്പറേഷൻ പറയുമ്പോഴും നഗരവാസികളുടെ ദുരിതം കാണാൻ ആരുണ്ടെന്ന ചോദ്യം ഉയരുകയാണ്. തെരുവുവിളക്കുകൾ പണിമുടക്കിയതോടെ നഗരത്തിന്റെ ഹൃദയഭാഗത്തെ പല സ്ഥലങ്ങളും ദേശീയ പാതയും വരെ ഇരുട്ടിലാണ്.
ഏറെ തിരക്കേറിയ വിമാനത്താവളം റോഡിൽ ചാക്ക മുതൽ ജനറൽ ആശുപത്രി വരെയുള്ള ഭാഗം ശംഖുമുഖം, കോവളം എന്നിവിടങ്ങളിലേക്കുള്ള വഴിയും കടന്നു കിട്ടാൻ യാത്രക്കാർ ബുദ്ധിമുട്ടുന്നു. വിനോദ സഞ്ചാരികൾ രാത്രിയിലുമെത്തുന്ന കോവളത്തും ശംഖുംമുഖത്തും കച്ചവടക്കാരടക്കം പ്രതിസന്ധിയിലാണ്. അതീവ സുരക്ഷാ മേഖലയായ നിയമസഭാ പരിസരം, സെക്രട്ടേറിയറ്റ്, പോലീസ് ആസ്ഥാനം എന്നിവിടങ്ങളിലും പലപ്പോഴും ഇതാണ് അവസ്ഥ.
നഗരത്തിലൂടെ രാത്രി യാത്ര ചെയ്യുമ്പോൾ ആകെയുള്ളത് റോഡ് സൈഡിലെ കടകളിലും വീടുകളിലേയും വിളക്കുകളുടെ വെളിച്ചമാണ്. കടകൾ അടച്ചു കഴിയുമ്പോൾ പാത മൊത്തം ഇരുട്ടിലാക്കുന്ന അവസ്ഥയാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങല്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാന്‍ കഴിയാത്ത സ്ഥിതിയാണെന്നതിനാൽ വളവുകളിലടക്കം അപകടം പതിയിരിക്കുന്നു.
നഗരം വിട്ടാലും സ്ഥിതിക്ക് വ്യത്യാസമില്ല. നേമം, ബാലരാമപുരം ഭാഗങ്ങളിലും ജനജീവിതം ഇരുട്ടിലാണ്. അതേസമയം, വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം പുതിയ കമ്പനിക്ക് കരാർ നൽകാനോ, നിലവിലെ കരാർ പുതുക്കി നൽകാനോ കഴിയാത്ത സ്ഥിതിയാണെന്നും മേയർ പറയുന്നു. വിഷയത്തിൽ അടിയന്തര ഇടപെടലിന് ശ്രമിക്കുകയാണെന്നും മേയർ ചൂണ്ടിക്കാട്ടുന്നു.



