വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിച്ച് പോലീസ്…

കടകശ്ശേരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിച്ച് പോലീസ്. 70 കാരിയായ സഫിയയാണ് മരിച്ചത്. സഫിയയുടെ സ്വർണം നഷ്ടമായി. ഇതാണ് കൊലപാതകമെന്ന സംശയത്തിന് ഇട നൽകുന്നത്. ഇന്നലെ രാത്രിയാണ് സഫിയയെ കടകശ്ശേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾക്കൊപ്പമായിരുന്നു സഫിയ താമസിച്ചിരുന്നത്. മകൾ ഇന്നലെ ഭർത്താവിന്റെ വീട്ടിൽ പോയിരുന്നു. മകളില്ലാത്തപ്പോൾ സഫിയ ബന്ധു വീട്ടിലേക്ക് പോവുകയാണ് പതിവ്. ഇന്നലെ രാത്രി വൈകിയും സഫിയ എത്താതായതോടെ ബന്ധുക്കൾ അന്വേഷിച്ച് വീട്ടിലെത്തി. അപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്.മൂക്കിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു.
ശരീരത്തിൽ മുറിവുകളും ഉണ്ടായിരുന്നു. സഫിയ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടമായതായും ബന്ധുക്കൾക്ക് മനസിലായി. ഇതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.



