നവകേരള സർവേയ്ക്ക് ചെലവായത് ആകെ 13 കോടി.. സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കണക്ക് നൽകി

സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി ആവിഷ്കരിച്ച നവകേരള സർവേയ്ക്ക് 13 കോടി ചെലവ്. സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കണക്ക് നൽകി. 20 കോടി അനുവദിച്ചതിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപയാണ്. ബ്രോഷറിന് 5.54 കോടിയും കത്തിന് 1 കോടിയും വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടിയും ചിലവായി. വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പ്രതികരണം അറിയാനും ഭാവിയിൽ അവ മെച്ചപ്പെടുത്താനുമെന്ന പേരിലാണ് സർക്കാർ സർവേ നടത്തിയത്.
ഏകദേശം 95 ലക്ഷം വീടുകളിൽ നേരിട്ടെത്തി വിവരശേഖരണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കുടുംബശ്രീ അംഗങ്ങളും സാമൂഹ്യ സന്നദ്ധ സേനയിലെ വൊളന്റിയർമാരുമാണ് ഇതിനായി രംഗത്തിറങ്ങിയത്. ബജറ്റ് അനുമതിയില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവരശേഖരണമാണെന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി 2026 ഫെബ്രുവരിയിൽ സർവേ റദ്ദാക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും സർവേയുമായി മുന്നോട്ട് പോകാൻ അനുമതി നൽകുകയും ചെയ്തു. ക്ഷേമപദ്ധതികളെക്കുറിച്ച് ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.




