”ഒന്നുകൂടെ ചോദിച്ചിരുന്നെങ്കിൽ ഡാഷ് എന്നത് മുഖ്യമന്ത്രി പൂരിപ്പിച്ചേനെ, മലയാളത്തിൽ ഏറ്റവും മോശം വാക്കുകൾ പറയുന്നയാളാണ്”

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘ഡാഷ് മോനെ രേവന്ത’ എന്നായിരുന്നു മുഖ്യമത്രിയുടെ പരാമർശം. “ഒന്നുകൂടെ ചോദിച്ചിരുന്നെങ്കിൽ ഡാഷ് എന്നത് മുഖ്യമന്ത്രി പൂരിപ്പിച്ചേനെ” എന്ന് വി ഡി സതീശൻ പരിഹസിച്ചു.
‘പിണറായി വിജയനെതിരെ ഒന്നും പറയരുതെന്ന് ഞാൻ രേവന്ത് റെഡ്ഡിക്ക് നിർദേശം കൊടുത്തേനെ. അദ്ദേഹത്തോട് സൂക്ഷിച്ച് സംസാരിച്ചില്ലെങ്കിൽ ഏറ്റവും നല്ല മലയാളത്തിൽ ഏറ്റവും മോശം വാക്കുകൾ പറയുന്നയാളാണ്. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചു. ടി പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചു. എൻ കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു. അമ്പത് വർഷം കൂടെ നടന്ന കമ്മ്യുണിസ്റ്റിനെ പരമചെറ്റയെന്നും വിളിച്ച് മലയാളം ഭാഷയ്ക്ക് ഒരുപാട് വാക്കുകൾ സംഭാവന ചെയ്തയാളാണ് പിണറായി വിജയൻ. പിണറായി വിജയനോട് തമാശയെന്നും പറയരുതെന്ന് രേവന്ത് റെഡ്ഡിയോട് പറയാൻ മറന്നു. ഭൂമിയിൽ കേൾക്കാത്ത ഭാഷവരുമെന്ന് പറയണമായിരുന്നു. ഡാഷ് മോനെയെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ സമനില തെറ്റിയിരിക്കുകയാണ്’. വി ഡി സതീശൻ പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ പരാമർശനത്തിന് മറുപടിയായി ‘ഡാഷ് മോനേ രേവന്താ… എന്നായിരുന്നു പിണറായി വിജയൻ നടത്തിയ വിവാദ പരാമർശം. മറുപടി പിന്നാലെ വരുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ ഈ പരാമർശം. രേവന്ത് റെഡ്ഡി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇത്തരമൊരു വിവാദ പരാമർശം നടത്തിയത്.
തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനെത്തിയ രേവന്ത് റെഡ്ഡി മോഹൻലാൽ സിനിമയിലെ മാസ് ഡയലോഗ് അനുകരിച്ച് പിണറായി വിജയനെ വിമർശിച്ചിരുന്നു. ‘നീ പോ മോനേ വിജയാ’ എന്നായിരുന്നു രേവന്ത റെഡ്ഢിയുടെ പരാമർശം. നേമത്തെ സ്ഥാനാർഥി കെ.എസ്.ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു വിമർശനം. പിണറായി വിജയന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.



