കുടകിൽ കാണാതായ ശരണ്യക്കായി തിരച്ചിൽ ഊർജിതം…. മൂന്ന് ദിവസം പിന്നിട്ടിട്ടും സൂചനയില്ല…. വനംവകുപ്പിന് മുന്നിൽ വലിയ വെല്ലുവിളി

മടിക്കേരി: കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യ ജി.എസിനായി (36) മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു. എന്നാൽ ശരണ്യയെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് തിരച്ചിൽ സംഘത്തിലുള്ള കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എറണാകുളത്ത് സോഫ്റ്റ്വെയർ എൻജിനീയറായ ശരണ്യ നാദാപുരം സ്വദേശിനിയാണ്.
ശരണ്യ ഉപയോഗിച്ചിരുന്ന വസ്ത്രമോ ഭക്ഷണാവശിഷ്ടങ്ങളോ മറ്റ് വസ്തുക്കളോ വനത്തിനുള്ളിൽ നിന്ന് കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ചും സ്നിഫർ നായകളെ എത്തിച്ചും വനത്തിനുള്ളിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടക്കുന്നത്. കേരള, കർണാടക വനംവകുപ്പുകളും പൊലീസും നാട്ടുകാരും ഉൾപ്പെടെ 60-ഓളം പേർ സംഘത്തിലുണ്ട്.
ട്രെക്കിംഗ് പാതയ്ക്ക് അപ്പുറം ചെങ്കുത്തായ പ്രദേശമായതിനാലും വന്യമൃഗ ശല്യമുള്ളതിനാലും തിരച്ചിൽ സംഘത്തിന് മുന്നോട്ട് പോകാൻ പ്രയാസമുണ്ട്. കനത്ത കാടും പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുന്നു. സാധാരണയായി മൂന്നര കിലോമീറ്റർ ദൂരമാണ് ട്രെക്കിംഗ് നടത്താറുള്ളത്. ഇതിനപ്പുറത്തേക്ക് ആരും പോകാറില്ല. ശരണ്യക്ക് എങ്ങനെ വഴിതെറ്റി എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല.
ഏപ്രിൽ 2-ന് രാവിലെ 8.15-ഓടെയാണ് ശരണ്യ തനിയെ ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ പത്തംഗ സംഘത്തിനൊപ്പം പോകാൻ വനംവകുപ്പ് നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയെന്ന് ഹോംസ്റ്റേ ജീവനക്കാരെ ഫോണിൽ അറിയിച്ചെങ്കിലും മിനിറ്റുകൾക്കകം ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു.
ശരണ്യയുടെ സഹോദരൻ നിലവിൽ കുടകിലുണ്ട്. നാപ്പോക്ലു പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. യുവതി അപകടത്തിൽപ്പെട്ടതാണോ അതോ വഴിമാറി മറ്റ് വനമേഖലകളിൽ എത്തിയതാണോ എന്നാണ് അധികൃതർ പരിശോധിക്കുന്നത്.



