ഗുണ്ടകളുടെ ‘അസോസിയേഷൻ ഓഫീസ്’ പൂട്ടി പൊലീസ്…. തോക്കുമായി യോഗം ചേർന്ന ക്രിമിനലുകൾക്കെതിരെ കർശന നടപടി

കൊല്ലം: ജില്ലയിൽ ഗുണ്ടാസംഘങ്ങൾ അസോസിയേഷൻ ഓഫീസ് തുറക്കാൻ പദ്ധതിയിട്ട കെട്ടിടം പൊലീസ് സീൽ ചെയ്തു. കൊല്ലം കോളേജ് ജംഗ്ഷന് സമീപം ക്രിമിനൽ സംഘം ഓഫീസ് തുടങ്ങാനായി കണ്ടെത്തിയ കെട്ടിടമാണ് പൊലീസ് നടപടിയിലൂടെ പൂട്ടിച്ചത്. സംഘത്തിലെ ഒരംഗം നടത്തിയിരുന്ന ജിമ്മും പൊലീസ് അടച്ചുപൂട്ടിയിട്ടുണ്ട്.

ഓഫീസ് തുടങ്ങുന്നതിന് മുന്നോടിയായി തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഗുണ്ടകൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ആയുധങ്ങളുമായി സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിച്ച ഗുണ്ടകളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജാനുവരിയിലായിരുന്നു വിവാദമായ ഈ സംഭവം നടന്നത്. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കൊടും ക്രിമിനലുകളാണ്. ഇവർക്കെതിരെ കാപ്പ ചുമത്തുന്ന കാര്യം പൊലീസിന്റെ പരിഗണനയിലുണ്ട്.

ഗുണ്ടാസംഘത്തിന് ഓഫീസ് തുറക്കാൻ കെട്ടിടം വിട്ടുനൽകിയ ഉടമയ്‌ക്കെതിരെയും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഒത്താശ ചെയ്തുകൊടുത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഗുണ്ടാവിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ ജില്ലയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Related Articles

Back to top button