മുട്ടിക്കൊമ്പൻ ഒടുവിൽ കുടുങ്ങി… 13 ദിവസം നീണ്ട ദൗത്യത്തിന് വിജയം….. മയക്കുവെടി വെച്ച് പിടികൂടി

വയനാട്: മാനന്തവാടി വടക്കനാട് മേഖലയിൽ മാസങ്ങളായി ഭീതി പരത്തിയിരുന്ന ‘ടി ടി വൺ’ എന്ന മുട്ടിക്കൊമ്പനെ വനംവകുപ്പ് മയക്കുവെടി വെച്ചു. 13 ദിവസം നീണ്ടുനിന്ന തീവ്രമായ ദൗത്യത്തിനൊടുവിലാണ് ഇന്ന് പുലർച്ചെയോടെ കാട്ടാനയെ പിടികൂടാൻ സാധിച്ചത്. രാത്രി മുതൽ ആനയെ നിരീക്ഷിച്ചു വരികയായിരുന്ന വനംവകുപ്പിന്റെ പ്രത്യേക സംഘം പുലർച്ചയോടെ മയക്കുവെടി വെക്കുകയായിരുന്നു.
വടക്കനാട് ജനവാസ മേഖലയിൽ നിരന്തരം ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്ന കാട്ടാനയെ പിടികൂടാൻ വനംവകുപ്പ് 13 ദിവസമായി ശ്രമിച്ചുവരികയായിരുന്നു. പ്രദേശത്തെ കർഷകനായ രജീവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഉത്തരവ് വനംവകുപ്പ് പുറപ്പെടുവിച്ചത്.
നിലവിൽ വനത്തിനുള്ളിൽ മയങ്ങിക്കിടക്കുന്ന ആനയെ കുങ്കി ആനകളുടെ സഹായത്തോടെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ആനയെ മാറ്റുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ലോറിയും സ്ഥലത്തെത്തിച്ചിരുന്നു. മുട്ടിക്കൊമ്പൻ പിടിയിലായതോടെ വടക്കനാട്, മാനന്തവാടി മേഖലയിലെ ജനങ്ങൾ വലിയ ആശ്വാസത്തിലാണ്. ആനയെ എവിടേക്കാണ് മാറ്റുക എന്ന കാര്യത്തിൽ വനംവകുപ്പ് ഉടൻ തീരുമാനമെടുക്കും.



