50% സ്ത്രീകൾക്ക് ജോലി… ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കും…. എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. വികസനവും സാമൂഹിക ക്ഷേമവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രഖ്യാപിക്കുന്ന പത്രികയിൽ ക്ഷേമ പെൻഷൻ വർദ്ധനവും സൗജന്യ ബിരുദ വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള വിപ്ലവകരമായ വാഗ്ദാനങ്ങളാണുള്ളത്. ജനകീയ സംവാദങ്ങളിലൂടെ രൂപപ്പെടുത്തിയതാണ് ഈ പത്രികയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിലെ എല്ലാ സാമൂഹിക സുരക്ഷാ പെൻഷനുകളും 3000 രൂപയായി ഉയർത്തും. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് പൂർണ്ണമായും മുക്തമാക്കുമെന്നും പത്രിക ഉറപ്പുനൽകുന്നു. 2026-27 അധ്യയന വർഷം മുതൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കും. കുടുംബശ്രീയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 50 ശതമാനം സ്ത്രീകൾക്ക് ജോലി ഉറപ്പാക്കും.

പവർകട്ടില്ലാത്ത കേരളം എന്ന നേട്ടം നിലനിർത്തും. ടൂറിസം മേഖലയിൽ 15 ലക്ഷം വിദേശ സഞ്ചാരികളെ എത്തിക്കാനാവശ്യമായ പദ്ധതികൾ നടപ്പിലാക്കും. കെ-ഫോൺ പദ്ധതി കൂടുതൽ വിപുലമാക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ തദ്ദേശ തലത്തിൽ ക്രൈം മാപ്പിങ് നടത്തും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. സമ്പൂർണ്ണ മാലിന്യ സംസ്കരണം ഉറപ്പാക്കും.

യുഡിഎഫ് വർഗീയ ശക്തികളുമായി രഹസ്യധാരണയുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ എൽഡിഎഫിന് മാത്രമേ കഴിയൂ. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button