തൃശ്ശൂരിൽ സ്വകാര്യ ബസ് ആംബുലൻസായി… നെഞ്ചുവേദന വന്ന യാത്രക്കാരന് പുതുജീവൻ നൽകി ജീവനക്കാരും യാത്രക്കാരും

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ തിരുവില്വാമല-തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഒരു ജീവന്റെ രക്ഷകരായി മാറി. യാത്രയ്ക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ട 60 വയസ്സുകാരനെ അതിവേഗം ആശുപത്രിയിലെത്തിച്ച് മാതൃകയായിരിക്കുകയാണ് ‘ഹരേ കൃഷ്ണ’ എന്ന ബസ്സിലെ ജീവനക്കാരും സഹയാത്രികരും.
ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഉത്രാളിക്കാവിന് സമീപം വെച്ചാണ് ചേലക്കോട് സ്വദേശി ഉണ്ണികൃഷ്ണന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ സഹയാത്രികരായ ശങ്കറും പ്രസാദും ബസ് ജീവനക്കാരെ വിവരമറിയിച്ചു. സമയം ഒട്ടും കളയാതെ ബസ് ജീവനക്കാർ ഉണ്ണികൃഷ്ണന് പ്രാഥമിക ശുശ്രൂഷകൾ നൽകി. ഡ്രൈവർ അരുണും കണ്ടക്ടർ മനോജും ചേർന്ന് ബസ് അതിവേഗത്തിൽ വടക്കാഞ്ചേരി ഓട്ടുപാറ ജില്ലാ ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച ഉണ്ണികൃഷ്ണന് ഡോക്ടർമാർ സിപിആർ നൽകി ശ്വാസം വീണ്ടെടുത്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതിവേഗത്തിൽ ബസ് ആശുപത്രി മുറ്റത്തേക്ക് കയറ്റുന്നതിനിടെ ബസ് റോഡിൽ ഇടിച്ചു കാര്യമായ കേടുപാടുകൾ സംഭവിച്ചു. ആശുപത്രിയിലേക്കുള്ള പ്രവേശന കവാടത്തിലെ അശാസ്ത്രീയമായ നിർമ്മാണം രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് വലിയ തടസ്സമാകുന്നുണ്ടെന്ന് ഇതോടെ വീണ്ടും പരാതി ഉയർന്നിട്ടുണ്ട്.



