അതിക്രമം നടന്ന കാരവാൻ കണ്ടെത്തണം… രഞ്ജിത്തിന്റെ അറസ്റ്റ് തെളിവുകൾ ശേഖരിച്ച ശേഷമെന്ന് കൊച്ചി കമ്മീഷണർ

ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കവുമായി പോലീസ്. കേസിൽ കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് അറസ്റ്റിലേക്ക് കടന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിക്കും.
അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന സിനിമ ലൊക്കേഷനിലെ കാരവാൻ കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനായി രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ വാദം. ഷൂട്ടിംഗ് സെറ്റിലുള്ളവരെയും സാക്ഷികളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഷൂട്ടിംഗ് സെറ്റിൽ വെച്ച് അതിക്രമം ഉണ്ടായപ്പോൾ യുവതി കരഞ്ഞുകൊണ്ടാണ് പുറത്തേക്ക് വന്നതെന്ന് കമ്മീഷണർ പറഞ്ഞു. താൻ ഗുരുസ്ഥാനീയനായി കണ്ട വ്യക്തിയിൽ നിന്നുണ്ടായ മോശം അനുഭവം യുവതിക്ക് വലിയ മാനസിക സംഘർഷമാണ് ഉണ്ടാക്കിയത്.
കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്ന രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് ഡിസിപി അശ്വതി ജിജി വെളിപ്പെടുത്തി. അദ്ദേഹത്തെ ഒളിവിൽ പോകാൻ സഹായിച്ചവരെയും കേസിൽ പ്രതികളാക്കും. യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സ്ത്രീ സുരക്ഷയുടെ പേരിൽ മൈലേജ് ഉണ്ടാക്കാനുള്ള സർക്കാരിന്റെ നീക്കമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. എന്നാൽ സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാനും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.
അതേസമയം, ‘കർമ്മ ആരെയും വെറുതെ വിടില്ല’ എന്നായിരുന്നു രഞ്ജിത്തിനെതിരെ ആദ്യമായി പരാതി നൽകിയ ബംഗാളി നടിയുടെ പ്രതികരണം. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയിൽ തീരുമാനമായ ശേഷമേ അദ്ദേഹത്തിന്റെ ജാമ്യഹർജി കോടതി പരിഗണിക്കൂ.



