കോവിഡ് ഇടപാടുകളിൽ 50 കോടിയുടെ നഷ്ടം…. കെഎംഎസ്‌സിഎൽ ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്ത്

കോവിഡ് കാലത്ത് മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷന് 50 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട്. എൻ-95 മാസ്കുകൾ, പിപിഇ കിറ്റുകൾ എന്നിവ അമിത വിലയ്ക്ക് വാങ്ങിയതാണ് ഇത്രയും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായതെന്ന് 74 പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.

എൻ-95 മാസ്ക് വാങ്ങിയതിൽ എട്ട് കോടി രൂപയുടെയും പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഞ്ച് കോടി രൂപയുടെയും നഷ്ടം സംഭവിച്ചു. വിപണി വിലയേക്കാൾ ഉയർന്ന നിരക്കിൽ സാധനങ്ങൾ വാങ്ങിയതും എന്നാൽ അവ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വന്നതും കോർപറേഷന് തിരിച്ചടിയായി. ഉപകരണങ്ങൾ കൈപ്പറ്റുന്നതിന് മുൻപ് തന്നെ കമ്പനികൾക്ക് മുഴുവൻ തുകയും കൈമാറിയെന്ന ഗുരുതരമായ കണ്ടെത്തലും ഓഡിറ്റിലുണ്ട്. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവിലുള്ള സ്റ്റോക്ക് പരിഗണിക്കാതെ വലിയ തോതിൽ മരുന്നുകൾ വാരിക്കൂട്ടി. കോവിഡ് കാലഘട്ടത്തിന് ശേഷവും ഇത്തരം ക്രമക്കേടുകൾ തുടർന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇടപാടുകളിൽ അഴിമതി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷത്തിന്റെ മുൻപത്തെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് പുതിയ ഓഡിറ്റ് റിപ്പോർട്ട്. നേരത്തെ സമാനമായ ആരോപണം ഉയർന്നപ്പോൾ അടിയന്തര സാഹചര്യത്തിൽ ലാഭം നോക്കാനാവില്ലെന്നായിരുന്നു സർക്കാർ നൽകിയ വിശദീകരണം.

Related Articles

Back to top button