അയൽവാസിയുടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് തടയാൻ ചെന്നു, പിന്നീട് കണ്ടത് അതേ വീട്ടുമുറ്റത്ത് മരിച്ചു കിടക്കുന്ന സ്ത്രീയെ

മണർകാട് കുഴിപ്പുരയിടത്ത് അറുപത്തഞ്ച് വയസുകാരിയെ അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറത്ത് മാളിയേക്കൽ വീട്ടിൽ ശാന്തകുമാരി ആണ് മരിച്ചത്. അയൽവാസിയുടെ വീട്ടിൽ സിസിടിവി വയ്ക്കുന്നതു ശാന്തകുമാരി തടയാൻ ശ്രമിച്ചിരുന്നു. പിന്നാലെയാണ് അതേ വീട്ടുമുറ്റത്ത് ശാന്തകുമാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നട്ടാശേരി സ്വദേശി, നൊങ്ങലിൽ വാടകയ്ക്കു താമസിക്കുന്ന പൂവത്തിൻകിഴക്കേതിൽ എബി ജോർജിനെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അയൽവാസിയുമായുള്ള തർക്കത്തിനിടെ തലയ്ക്ക് അടിയേറ്റതാവാം ശാന്തകുമാരിയുടെ മരണത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ പരിശോധനകൾക്ക് ശേഷമേ സംഭവം കൊലപാതകമാണോ എന്ന് കണ്ടെത്താനാകൂ എന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രണ്ട് മണിയോടെയാണ് ശാന്തകുമാരിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. പോലീസ് കസ്റ്റഡിയിലെടുത്ത എബിയുടെ ഭാര്യവീടിന്റെ മുറ്റത്താണു പ്രത്യേക പോസ്റ്റിട്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ഇതിന്റെ പണികൾ നടക്കുന്നതിനിടെ ശാന്തകുമാരിയും മകൾ അനശ്വരയും കൊച്ചുമകളുമെത്തി തടസം നിന്നു. തങ്ങളുടെ വീട്ടിലെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുമെന്നായിരുന്നു ഇവരുടെ ആരോപണം. തുടർന്ന് ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടാകുകയും കയ്യിൽ കരുതിയിരുന്ന മുളകുപൊടി ഇവർ എബിയുടെ നേർക്ക് എറിയുകയും ചെയ്തു. ഇരുകുടുംബങ്ങളും തമ്മിൽ വഴിയടക്കമുള്ള വിഷയങ്ങളിൽ നിലനിന്നിരുന്ന തർക്കവും വഴക്കിന് ഇടയാക്കിയെന്നാണ് പോലീസ് പറയുന്നത്. തുടർന്നുണ്ടായ കയ്യാങ്കളിയിൽ ശാന്തകുമാരിയുടെ തലയ്ക്ക് പരുക്കേൽക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സമീപവാസിയുടെ മൊഴി പ്രകാരം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണർകാട് പോലീസാണ് ശാന്തകുമാരിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് 4 മണിക്ക്. മക്കൾ: അനശ്വര, അഭിനു. മരുമകൻ: പ്രദീപ്



