ഷൂവിനുള്ളിൽ സൂക്ഷിച്ച താക്കോലെടുത്ത് മോഷണം; പത്ത് പവനും 90,000 രൂപയും എടുത്തശേഷം താക്കോൽ തിരികെ വെച്ചു

വീടിന്റെ പുറത്ത് ഷൂവിനകത്ത് സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് വീടു തുറന്ന് 10 പവനും 90,000 രൂപയും കവർന്നതായി പരാതി. തരൂർ പഴമ്പാലക്കോട് പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.

ചുമർ അലമാരയിൽ പൂട്ടിവെച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. ജോയിയുടെ ഭാര്യ ജിജി ചേലക്കരയിലെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയിരിക്കുകയായിരുന്നു. ഇവരെ കൂട്ടിക്കൊണ്ടുവരാൻ ജോയി വീട് പൂട്ടി താക്കോൽ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ വെച്ചിട്ട് പോവുകയായിരുന്നു. തിരികെ എത്തിയപ്പോൾ മുൻവാതിൽ ചാരിയിട്ടിരിക്കുന്നതായി കണ്ടു. താക്കോൽ ഷൂവിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. അലമാര പരിശോധിച്ചപ്പോഴാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി മനസ്സിലായത്.

മോഷണം നടത്തിയശേഷം താക്കോൽ തിരികെ വെച്ചതാകാമെന്നാണ് നിഗമനം. ജിജി എല്ലാ ചൊവ്വാഴ്ചയും ചേലക്കരയിലെ പള്ളിയിൽ പോകുന്നയാളാണ്. ജോയി ഇവരെ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. വീട് പൂട്ടി പോകുമ്പോൾ താക്കോൽ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ വെക്കും. ഇത് മനസ്സിലാക്കിയ ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു. ജോയിയുടെ പരാതിയിൽ കേസെടുത്ത ആലത്തൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

Related Articles

Back to top button