ഏഴിന്റെ പരിപാടിക്ക് 6.50-ന് എത്തിയിട്ടും ആരുമില്ല; പ്രവർത്തകരോട് ദേഷ്യപ്പെട്ടതിൽ വിശദീകരണവുമായി സുരേഷ് ഗോപി

പൊതുപരിപാടിക്ക് കൃത്യസമയത്ത് എത്തിയിട്ടും സംഘാടകർ സ്ഥലത്തില്ലാത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിണറായി വിജയന്റെയോ വി.ഡി. സതീശന്റെയോ സ്വഭാവമല്ല തന്റേതെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്നിലുള്ളത് തികച്ചും വ്യത്യസ്തമായ ദേഷ്യമാണെന്നും കൂട്ടിച്ചേർത്തു. നിശ്ചയിച്ച സമയമായ ഏഴ് മണിക്ക് പത്ത് മിനിറ്റ് മുൻപേ 6:50ന് താൻ പരിപാടി സ്ഥലത്തെത്തിയെന്നും, എന്നാൽ ആ സമയം വരെ ആരും അവിടെ എത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സ്വാഭാവികമായും ദേഷ്യം ഉണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. കൂടാതെ, തനിക്ക് നടുവേദനയുള്ളതിനാൽ കുഷ്യനുള്ള കസേരയ്ക്ക് പകരം പ്ലാസ്റ്റിക് കസേരയാണ് ആവശ്യമെന്നും, സംഘാടകർക്ക് കസേര മാറ്റുന്നതിലുണ്ടായ വീഴ്ചയാണ് തന്നെ പ്രകോപിപ്പിച്ചതെന്നും എംപി വിശദീകരിച്ചു. അന്തിക്കാട് സി.സി. മുകുന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



