ജയിക്കാൻ എസ്ഡിപിഐയുടെ കാലുപിടിച്ച് മുഖ്യമന്ത്രി…. പത്ത് വർഷത്തെ ഭരണത്തിന് ശേഷം ഈ ഗതികേടോ എന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ പത്ത് വർഷം ഭരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരഞ്ഞെടുപ്പ് ജയിക്കാൻ എസ്ഡിപിഐയുടെ കാലുപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വർണ്ണക്കൊള്ള മുതൽ എഫ്‌സിആർഎ വിവാദം വരെ നീളുന്ന വിഷയങ്ങളിൽ രാഹുൽ ഗാന്ധിക്കും ഇടത്-വലത് മുന്നണികൾക്കും അദ്ദേഹം കടുത്ത ഭാഷയിൽ മറുപടി നൽകി.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധി വിഡ്ഢിയെപ്പോലെ പെരുമാറരുതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമലയിലെ കള്ളന്മാരെ ജയിലിലടയ്ക്കാൻ എൻഡിഎയ്ക്ക് മാത്രമേ സാധിക്കൂ. ഇത് നരേന്ദ്ര മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി കൊച്ചിയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ രാഹുലിന് അയച്ചുകൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു. എഫ്‌സിആർഎ ഭേദഗതി ക്രൈസ്തവ സമുദായത്തെ ബാധിക്കുമെന്ന പ്രചാരണം പച്ചക്കള്ളമാണ്. ചില സ്ഥാപനങ്ങൾ വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നതും മണി ലോണ്ടറിംഗ് നടത്തുന്നതുമാണ് കേന്ദ്രം തടയുന്നത്. ക്രൈസ്തവ സമുദായത്തിന് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ആരെയും ഉപദ്രവിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എസ്ഡിപിഐ പിന്തുണ സ്വീകരിക്കുന്നത് എൽഡിഎഫിലെ ആശയക്കുഴപ്പമാണ് വ്യക്തമാക്കുന്നത്. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടുമ്പോൾ സിപിഎം എസ്ഡിപിഐയുടെ പിന്നാലെ പോകുകയാണ്. വർഗീയ ശക്തികളുമായുള്ള ഈ കൂട്ടുക്കെട്ടിനെ ബിജെപി ജനമധ്യത്തിൽ തുറന്നുകാട്ടും. വികസന കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി നേരിട്ടുള്ള സംവാദത്തിന് താൻ തയ്യാറാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രി തന്റെ മണ്ഡലത്തിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



