മോദിക്കൊപ്പമുള്ള റോഡ് ഷോ; കോൺഗ്രസിനോട് ഉള്ള മധുരപ്രതികാരമെന്ന് പത്മജ വേണുഗോപാൽ

തൃശ്ശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ റോഡ് ഷോ രാഷ്ട്രീയമായ ഒരു ‘മധുരപ്രതികാരം’ ആണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. എൻഡിഎ സ്ഥാനാർത്ഥിയായി തൃശ്ശൂരിൽ മത്സരിക്കുന്ന പത്മജ, പ്രചാരണ പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോൺഗ്രസിനെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ മകളായ പത്മജയ്ക്ക് 2021ൽ പ്രിയങ്ക ഗാന്ധിക്കൊപ്പം സഞ്ചരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരുന്നു. 2021ൽ പത്മജ തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായിരിക്കെ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രിയങ്കയ്‌ക്കൊപ്പം സഞ്ചരിക്കാനുള്ള അനുവാദം തനിക്ക് അന്ന് ലഭിച്ചില്ല. സ്ഥാനാർത്ഥി താനായിരുന്നിട്ടും അന്നത്തെ ലോക്‌സഭ എംപിക്കായിരുന്നു പ്രാധാന്യം നൽകിയത്. വേദിയിലും തനിക്ക് അവഗണന നേരിടേണ്ടി വന്നു. അതിനാൽ ഇന്ന് ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിക്കൊപ്പം ഒരു വാഹനത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞത് മധുരപ്രതികാരമാണെന്ന് മാധ്യമങ്ങളോട് പത്മജ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്ന് എൻഡിഎ സ്ഥാനാർത്ഥികളാണ് മോദിക്കൊപ്പം റോഡ്‌ഷോയിൽ പങ്കെടുത്തത്. പത്മജയ്ക്ക് പുറമേ സിസി മുകുന്ദൻ, കെ കെ അനീഷ് കുമാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. പിഎംഒയിൽ നിന്നും നേരിട്ടാണ് മൂന്ന് സ്ഥാനാർത്ഥികളെ പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കാൻ തിരഞ്ഞെടുത്തത്. ഇവർക്ക് പുറമേ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വാഹനത്തിൽ ഉണ്ടായിരുന്നു.



