രഞ്ജിട്രോഫി ഫൈനൽ: കന്നിക്കിരീടം കൈയകലത്തിൽ; കശ്മീർ ടീമിന് കരുത്തേകാൻ മുഖ്യമന്ത്രി നേരിട്ടെത്തുന്നു

ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി കിരീടത്തിലേക്ക് കൈയകലത്തിൽ നിൽക്കുന്ന ജമ്മു കശ്മീർ ക്രിക്കറ്റ് ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കർണാടകയ്ക്കെതിരായ കലാശപ്പോരാട്ടത്തിന്റെ നിർണ്ണായകമായ അവസാന ദിനത്തിൽ താരങ്ങൾക്ക് കരുത്തേകാൻ അദ്ദേഹം നേരിട്ട് സ്റ്റേഡിയത്തിലെത്തും.
ഹുബ്ലിയിലെ കെ.എസ്.സി.എ ഗ്രൗണ്ടിൽ കളി കാണാൻ എത്തുന്ന വിവരം മുഖ്യമന്ത്രി തന്നെയാണ് സമൂഹമാധ്യമമായ ‘എക്സിലൂടെ’ പങ്കുവെച്ചത്. ഫൈനലിലെത്തിയതോടെ തന്നെ ടീം സംസ്ഥാനത്തിന്റെ അഭിമാനമായി മാറിയെന്നും, ഗാലറിയിലിരുന്ന് അവർക്കായി ആർപ്പുവിളിക്കാൻ താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
ആദ്യ ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ പടുത്തുയർത്തിയ ജമ്മു കശ്മീർ നിലവിൽ കിരീടത്തിന് തൊട്ടരികിലാണ്. ആദ്യ ഇന്നിംഗ്ഗ്സില്‍ ജമ്മു കശ്മീർ 584 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക 293 റൺസിന് പുറത്തായി. 291 റൺസിന്റെ കൂറ്റൻ ലീഡാണ് കശ്മീർ സ്വന്തമാക്കിയത്. ഈ സീസണിലെ തന്റെ തകർപ്പൻ ഫോം തുടരുന്ന പേസർ ആഖിബ് നബി 54 റൺസിന് 5 വിക്കറ്റ് വീഴ്ത്തി കർണാടകയുടെ നടുവൊടിച്ചു. നാലാം ദിനം കളി അവസാനിക്കുമ്പോൾ ജമ്മു കശ്മീർ രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിലാണ്. 94 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഓപ്പണർ ഖമ്രാൻ ഇക്ബാലാണ് കശ്മീരിനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
ക്യാപ്റ്റൻ പരസ് ദോഗ്രയുടെ നേതൃത്വത്തിലിറങ്ങുന്ന ജമ്മു കശ്മീർ ടീം, അഞ്ചാം ദിനം വലിയ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ മുത്തമിടും. മുഖ്യമന്ത്രിയുടെ സാന്നിധ്യം താരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നുറപ്പാണ്.



