അച്ഛനും മകനും സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടർ ഗുഡ്‌സ് ലോറിയുമായി കൂട്ടിയിടിച്ചു; അച്ഛൻ മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

പോത്തൻകോട് ഞാണ്ടൂർക്കോണത്ത് അച്ഛനും മകനും സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടർ ഗുഡ്‌സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകൻ സിബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വട്ടിയൂർക്കാവ് സ്വദേശിയായ മാത്യു ജോൺ ആണ് അപകടത്തിൽ മരിച്ചത്. 50 വയസായിരുന്നു.

ശ്രീകാര്യം ഭാഗത്തേക്ക് ഇലക്ട്രിക് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരുടെയും വാഹനത്തിൽ എതിരേ നിന്ന് വന്ന ഗുഡ്‌സ് ലോറി ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായി തകർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാത്യു ജോണിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ സിബിക്ക് ഗുരുതര പരിക്കുകളാണുള്ളത്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുഡ്‌സ് ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമോയെന്ന് ഉൾപ്പെടെ വിശദമായ പരിശോധന നടത്തിവരികയാണ്.

Related Articles

Back to top button