കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യം; കേന്ദ്ര നിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യത്തിലെ കേന്ദ്ര നിലപാടിൽ അതൃപ്തി അറിയിച്ച് കോടതി. സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് മറുപടി നൽകാൻ 4 ആഴ്ച സമയം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. അത്രയും സമയം അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേ എന്നാണ് കേന്ദ്രത്തോട് കോടതി ചോദിച്ചത്. എന്തുകൊണ്ടാണ് തീരുമാനം നീണ്ടുപോകുന്നത് എന്നും കോടതി ചോദിച്ചു. രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓൺലൈൻ ആയി ഹാജരാവണമെന്നും സാധ്യതാ പഠനം സംബന്ധിച്ച് മറുപടി നൽകണമെന്നുമാണ് കോടതി നിർദ്ദേശം.



