വർഗീയവാദികളെയും, സാമുദായിക സംഘടനകളെയും ഒരേ പോലെ കാണരുത്; കെ കെ ശൈലജ

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ കെ കെ ശൈലജ. വെള്ളാപ്പള്ളി തന്നെ അക്കാര്യത്തില്‍ വിശദീകരണം നല്‍കിയതാണ്. പറഞ്ഞത് മലപ്പുറം ജില്ലയിലെ മുസ്‌ലിങ്ങളെക്കുറിച്ചല്ലെന്നും, മുസ്‌ലിം ലീഗിനെയാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. മുസ്‌ലിം ലീഗിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലേയെന്ന് കെ കെ ശൈലജ ചോദിച്ചു. വെള്ളാപ്പള്ളി പറഞ്ഞത് അങ്ങനെയാണ്. പിന്നെ എന്തിന് അവിശ്വസിക്കണം. മുസ്‌ലിം ലീഗിനെയാണ് പറഞ്ഞതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയതാണ്. അങ്ങനെയുള്ളപ്പോള്‍ വെള്ളാപ്പള്ളി പറഞ്ഞത് മുസ്‌ലിങ്ങളെ മുഴുവനാണെന്ന് പറയേണ്ട ആവശ്യം എന്താണെന്ന് കെ കെ ശൈലജ ചോദിച്ചു. ഒരു ചാനൽ അഭിമുഖ പരിപാടിയിലാണ് എംഎല്‍എയുടെ പ്രതികരണം.
നമ്മുടെ നാട് നല്ല മതസൗഹാര്‍ദമുള്ള നാടാണ്. ആ സൗഹാര്‍ദത്തെ പൊളിക്കാന്‍ മതവര്‍ഗീയവാദികളെല്ലാം ഒരുമിച്ച് ചേര്‍ന്നിട്ടുണ്ട്. തങ്ങള്‍ ആര്‍എസ്എസിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ അവരോട് വ്യക്തിപരമായ എതിര്‍പ്പില്ല. ആര്‍എസ്എസിന്റെ രാഷ്രീയത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നത്. ഇതൊരു ഹൈന്ദവ രാഷ്ട്രമാക്കണമെന്നാണ് അവരുടെ വാദം. അതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗമായി നില്‍ക്കുന്നവരില്‍ പലരും തങ്ങളുടെ ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെയാണ്. ഇസ്‌ലാമിലൂടെ മാത്രമാണ് മോചനമുണ്ടാകൂ എന്നാണ് അവരുടെ വാദം. ഇത് രണ്ടും ഇന്ത്യയില്‍ അപകടകരമാണ്. അവരോട് സന്ധി ചെയ്യാന്‍ യുഡിഎഫിന് യാതൊരു മടിയുമില്ലെന്നും കെ കെ ശൈലജ കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളി നടേശനും മുസ്‌ലിം സമുദായത്തിലെ സുന്നി വിഭാഗവുമെല്ലാം സാമുദായിക സംഘടനകളാണ്. അവര്‍ വര്‍ഗീയവാദികളല്ല. സാമുദായിക സംഘടനകളോട് ചില കാര്യങ്ങളില്‍ എതിര്‍പ്പുണ്ടെങ്കിലും വര്‍ഗീയവാദികളോടുള്ള വിദ്വേഷം വെയ്‌ക്കേണ്ടതില്ല. സാമുദായിക സംഘടനകള്‍ പറയുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ വിമര്‍ശിക്കാം. എന്നാല്‍ രണ്ടിനെയും ഒരേ തൂവല്‍പക്ഷികളായല്ല കാണേണ്ടത്. പക്ഷെ വർഗീയമായ വാദങ്ങൾ ഉയർത്തുന്ന സംഘടനകൾ പറയുന്നതുപോലെ വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ മാത്രമുള്ള വലിയ അപകടകരമായ കാര്യങ്ങള്‍ ഈ സമുദായിക സംഘടനകൾ പറയുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു.



