മലപ്പുറത്ത് വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 43 ഗ്രാം എംഡിഎംഎ, യുവാക്കൾ പിടിയിൽ

മലപ്പുറത്ത് വൻ ലഹരി വേട്ട. മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലിൽ എംഡിഎംഎയുമായി യുവാക്കളെ പിടികൂടി. മമ്പാട് ഓടായിക്കൽ സ്വദേശി ഷുഹൈബ്, പന്തല്ലൂർ കടമ്പോട് സ്വദേശി നാസർ, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് എന്നവരാണ് പിടിയിലായത്. പരിശോധനയിൽ 43 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

ഇലക്ട്രോണിക്ക് ത്രാസുകളും 85,000 ത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ മഞ്ചേരി മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് എടക്കര സ്വദേശി പ്രകാശ് എന്നയാളെയും എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ട്. ഇയാളില്‍ നിന്നും 4.30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

മറ്റൊരു സംഭവത്തിൽ ആലുവയിൽ 4.5ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എടത്തല ഇടയത്താളി വീട്ടിൽ ഹൈനസ്(30) നെയാണ് ഐരാപുരം തട്ടുപാലം ഭാഗത്തുള്ള വാടകവീട്ടിൽ നിന്നു കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎ ആണ് പൊലീസ് പിടികൂടിയത്.

Related Articles

Back to top button