അമ്പലപ്പുഴ പാൽപ്പായസം ലിറ്ററിന് 240 രൂപ.. ഹൈക്കോടതി ഉത്തരവ് ഇങ്ങനെ..

അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർദ്ധിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽ പായസത്തിന്​ ലിറ്ററിന് ഇനി 240 രൂപയായിരിക്കും വില. 160ൽ നിന്നാണ് 240 രൂപയായി വില വർദ്ധിപ്പിക്കാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. വില വർദ്ധന ഇതോടെ പ്രാബല്യത്തിലായി.

ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് വില വര്‍ദ്ധനയ്ക്ക് ​ അനുമതി നൽകിയത്. ഒമ്പത് വർഷത്തിന് ശേഷമാണ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽ പായസത്തിന്​ വില വർദ്ധിപ്പിക്കുന്നത്.

പായസ നിർമാണത്തിനാവശ്യമായ പാൽ, അരി, പഞ്ചസാര, നെയ്യ്, ഏലക്ക തുടങ്ങിയവയുടെ വില വർദ്ധിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വില വർദ്ധനയെ സ്റ്റേറ്റ് ഓഡിറ്റ് വിഭാഗവും അനുകൂലിച്ചു. ഗുണ നിലവാരം ഉറപ്പാക്കണമെന്ന്​ കോടതി നിർദ്ദേശിച്ചു.

നിരക്ക് പുതുക്കാൻ സ്ഥിരം സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് വിശദീകരിക്കാൻ ദേവസ്വം ബോർഡിനോടും സർക്കാരിനോടും നിർദേശിച്ച കോടതി ഹർജി ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Related Articles

Back to top button