കൊല്ലത്ത് മണ്ഡല മാറ്റം വേണം; പക്ഷേ നടക്കില്ലെന്ന നിലപാടിൽ കോൺഗ്രസ്, ചർച്ചകൾക്ക് അവസാനം എന്താകും?

നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുന്നതിടെ കൊല്ലത്ത് മണ്ഡല മാറ്റം എന്ന ആവശ്യത്തിൽ ഉറച്ച് യുഡിഎഫ് ഘടക കക്ഷികള്‍. കൊല്ലം മണ്ഡലം ലക്ഷ്യമിട്ട് ആർഎസ്പിയും, പുനലൂരിന് പകരം ഇരവിപുരത്ത് കണ്ണുവെച്ച് മുസ്ലീംലീഗും സമ്മർദ്ദം കടുപ്പിക്കുന്നു. സീറ്റിനായി ഫോർവേർഡ് ബ്ലോക്കും രംഗത്തുണ്ട്. എന്നാൽ കൊല്ലം വിട്ടു നൽകാനാകില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. കൊല്ലം നിയമസഭ മണ്ഡലത്തിലേക്കുള്ള മാറ്റമാണ് ആര്‍.എസ്.പിയുടെ ലക്ഷ്യം. തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങിയ പുനലൂരിന് പകരം ഇരവിപുരം വേണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെടുന്നു. കൊല്ലം നല്‍കിയാല്‍ ഇരവിപുരം കൊടുക്കാമെന്നാണ് ആര്‍. എസ്. പിയുടെ നിലപാട്. ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജന് വേണ്ടി ഫോര്‍വേര്‍ഡ് ബ്ലോക്കും കൊല്ലം ആവശ്യപ്പെടുന്നുണ്ട്. 2016ലെ തിരഞ്ഞെടുപ്പില്‍ 17611വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കൊല്ലത്ത് എല്‍ ഡി എഫ് വിജയിച്ചത്. 2021ൽ മണ്ഡലം നിലനിർത്തിയെങ്കിലും ബിന്ദു കൃഷ്ണയിലൂടെ എൽ ഡി എഫിൻ്റെ ഭൂരിപക്ഷം 2072 ആയി കുറയ്ക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. ഇത്തവണ ജയമുറപ്പെന്ന് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് കൊല്ലം വിട്ടുനല്‍കില്ല.
ജില്ലയിലെ 11 മണ്ഡലങ്ങളില്‍ 4 സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് ഉള്ളതാണ്. ചവറ, കുന്നത്തൂര്‍, ഇരവിപുരം എന്നിവ ആര്‍ എസ്. പിയും പുനലൂരിൽ ലീഗും മത്സരിച്ചു വരുന്നു. ഇരവിപുരം കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസിന്‍റെ കയ്യിലുള്ള ചടയമംഗലം മണ്ഡലത്തിലാണ് ലീഗിൻ്റെ നോട്ടം. 2006 മുതൽ ഇടതുകോട്ടയായി തുടര്‍ന്ന ചടയമംഗലത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. മണ്ഡലം വിട്ടു നൽകരുതെന്ന ആവശ്യം പാർട്ടിയിൽ ഉയര്‍ന്നു കഴിഞ്ഞു. ഭിന്നതകൾ ഉണ്ടാകാതെ പരിഹാരം കണ്ടെത്തുകയാണ് യുഡിഎഫിന് മുന്നിലുളള വെല്ലുവിളി.



