സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ പ്രതി ഇർഫാൻ പിടിയിൽ

കോഴിക്കോട് മാവൂർ കൂളിമാടിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കൂളിമാട് മുന്നൂർ സ്വദേശി ഇർഫാനെയാണ് മാവൂർ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച രാവിലെ പത്തു മണിയോടെ നടന്ന നാടിനെ നടുക്കിയ സംഭവത്തിലാണ് പ്രതി പിടിയിലായത്.

ബൈക്കിൽ വരികയായിരുന്ന കൂളിമാട് സ്വദേശികളായ തസ്നമീനെയും തൻസീലിനെയുമാണ് ഇർഫാൻ ഇടിച്ചു വീഴ്ത്തിയത്. ഇവരെല്ലാം അയൽക്കാരാണ്. സംഭവ ദിവസം രാവിലെ തസ്നീമിന്റെയും തൻസീലിന്റെയും സഹോദരൻ തൻസിഫിനെ ഇർഫാൻ സാമ്പത്തിക ഇടപാടിന്റെ പേരിൽ വീട്ടിൽക്കയറി ക്രൂരമായി മർദ്ദിച്ചിരുന്നു. പരിക്കേറ്റ തൻസീഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. സഹോദരനെ മർദിച്ച ഇർഫാനെത്തേടി തസ്നീമും തൻസീമും വടികളുമായി ബൈക്കിൽ ഇറങ്ങുകയായിരുന്നു.

റോഡിൽ തടയാൻ ശ്രമിക്കവേ ഇടിച്ചു വീഴ്ത്തി ഇർഫാൻ കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും കോഴിക്കോട് ചികിത്സയിലാണ്. ഇർഫാനായി കഴിഞ്ഞ ദിവസം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്നു ഇയാൾ ഇന്ന് മാവൂർ ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്. സാമ്പത്തിക തർക്കം മാത്രമല്ല ഇർഫാന് ഉണ്ടായിരുന്നെതെന്നാണ് സൂചന. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button