‘ദിസ് ഗവൺമെന്റ് ഈസ് ഇൻസൾട്ടിങ് മൈ ഫ്രണ്ട് സുരേഷ് ഗോപി’; എയിംസ് വാഗ്ദാനം ചൂണ്ടിക്കാട്ടി പാർലമെന്റിൽ ബ്രിട്ടാസിന്റെ ട്രോൾ

കേരളത്തിന് എയിംസ് (AIIMS) അനുവദിക്കാത്ത കേന്ദ്ര നിലപാടിനെതിരെ പരിഹാസ ശരങ്ങളുമായി രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി. കേന്ദ്രമന്ത്രിയും തന്റെ സുഹൃത്തുമായ സുരേഷ് ഗോപിയെ സർക്കാർ നിരന്തരം അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് എയിംസ് ലഭിക്കുമെന്ന് സുരേഷ് ഗോപി പലതവണ ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ബജറ്റിലും ഇത് പരിഗണിക്കാത്തത് അദ്ദേഹത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന കാര്യമാണെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

എയിംസ് വരുമെന്ന് സുരേഷ് ഗോപി ഉറപ്പുനൽകിയിട്ട് മണിക്കൂറുകൾ ഏറെ കഴിഞ്ഞിട്ടും അത് എവിടെയാണെന്ന് ബ്രിട്ടാസ് ചോദിച്ചു. സുരേഷ് ഗോപിയെ താൻ ആദരിക്കുന്നുവെന്നും, എന്നാൽ കേന്ദ്രസർക്കാർ അദ്ദേഹത്തെ വീണ്ടും വീണ്ടും നാണംകെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ അന്തസ്സ് സംരക്ഷിക്കാനെങ്കിലും എയിംസ് നൽകാൻ സർക്കാർ തയ്യാറാകണം. ആരോഗ്യരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം കേന്ദ്രം വീണ്ടും തള്ളിയതിനെ അദ്ദേഹം വിമർശിച്ചു.

എയിംസ് തൃശ്ശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമെന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നുമെല്ലാം അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഈ ബജറ്റിലും കേരളത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജോൺ ബ്രിട്ടാസ് സുരേഷ് ഗോപിയെ മുൻനിർത്തി സർക്കാരിനെതിരെ രംഗത്തെത്തിയത്.

Related Articles

Back to top button