ജീവന് സംരക്ഷണം വേണം; ഹൈക്കോടതിയിൽ ഹർജി നൽകി വി കുഞ്ഞികൃഷ്ണൻ

രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. ജീവന് സംരക്ഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു. നിരന്തരം ഭീഷണി സന്ദേശങ്ങൾ എത്തിയതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിലെത്തിയത്. അതിനിടെ, വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൻ്റെ ഉള്ളടക്കം പുറത്തുവന്നു.

ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കൾ മാറിയെന്ന് വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ പറയുന്നു. തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാതത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുകയാണ്. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണെന്നും പുസ്തകത്തിലുണ്ട്. അടുത്ത ബുധനാഴ്ച പുസ്തകം പയ്യന്നൂരിൽ പ്രകാശനം ചെയ്യും. രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളുമാണ് “നേതൃത്വത്തെ അണികൾ തിരുത്തണ”മെന്നുമാണ്  പുസ്തകത്തിൽ പ്രധാനമായും ഉള്ളത്. 

Related Articles

Back to top button