തിരുവാങ്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

​സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടിൽ നിന്നും ഇറങ്ങിയത്. സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ബാഗിനുള്ളിൽ ഉച്ചഭക്ഷണവും കരുതിയിരുന്നു.

വിവരമറിഞ്ഞ ഉടൻതന്നെ വാർഡ് മെമ്പർ ചോറ്റാനിക്കര പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ​മഹേഷ് – രമ്യ ദമ്പതികളുടെ ഏക മകളാണ് ആദിത്യ.

Related Articles

Back to top button